Site iconSite icon Janayugom Online

നിർദ്ദിഷ്ട ചുരം ബൈപാസ്; സ്ഥലം സൗജന്യമായി നൽകാമെന്ന് പ്രദേശവാസികൾ

ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ധിഷ്ട ചിപ്പിലിത്തോട് ‑മരുതിലാവ്-തളിപ്പുഴ റോഡിന്റെ നിർമാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ട് നൽകാൻ ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിപ്പിലിത്തോട് ചേർന്ന യോഗത്തിൽ പ്രദേശവാസികൾ സന്നദ്ധത അറിയിച്ചു.
വാഹന ബാഹുല്യവും കാലപ്പഴക്കവുംകൊണ്ട് ഭീഷണി നേരിടുന്ന ചുരത്തിന്റെ നിലനില്പിന് ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസ് മാത്രമാണ് ഏക പരിഹാരമാർഗം. ഇരുപത്തൊമ്പതാം മൈലിൽ നിന്നും ആരംഭിച്ച് തളിപ്പുഴയിലേക്ക് നിലവിലുള്ളതിലും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാവുന്നതാണ് നിർദ്ധിഷ്ട ബൈപാസ്. 

ചിപ്പിലിത്തോട് സെയിന്റെ മേരീസ് പള്ളി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷരീഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി കെ ഹുസൈൻകുട്ടി, ടി ആർ ഓമനക്കുട്ടൻ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗിരീഷ് ജോൺ, ഫാ. ജോണി ആന്റണി അയനിക്കൽ, കെ സി വേലായുധൻ, പി കെ സുകുമാരൻ, ജിജോ പുളിക്കൽ, റാഷി താമരശ്ശേരി എന്നിവർ സംസാരിച്ചു.

റോഡിന് വേണ്ട സ്ഥലം സൗജന്യമായി നൽകാൻ തയ്യാറാണെന്നും, പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു. കഴിഞ്ഞ ദിവസം നിർദ്ധിഷ്ട ചുരം ബൈപാസ് കടന്നു പോകുന്ന സ്ഥലം സന്ദർശിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജിയണൽ ഓഫീസർ ബി ടി ശ്രീധരന്റെ നിർദ്ദേശപ്രകാരമാണ് പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രദേശവാസികളുടെ യോഗം ചേർന്നത്. പാത അവസാനിക്കുന്ന വൈത്തിരി പഞ്ചായത്തിലെ ഭൂഉടമകളുടെയും പ്രദേശവാസികളുടെയും യോഗവും അടുത്ത ദിവസങ്ങളിൽ നടക്കും. 

Exit mobile version