Site icon Janayugom Online

ബ്രിജ്ഭൂഷണെ വിചാരണ ചെയ്യാനുള്ള തെളിവുളുണ്ട്

ലൈംഗികാതിക്രമക്കേസില്‍ ബിജെപി എംപിയും മുന്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പൊലീസ്. സിങ്ങിനും സസ്‌പെന്‍ഷനിലുള്ള റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനുമെതിരെ പ്രഥമ ദൃഷ്ട്യാ കേസെടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം സിറ്റി പൊലീസ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലിനോട് അറിയിച്ചു.

പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച കുറ്റങ്ങള്‍ ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയും കോടതിയോട് പറഞ്ഞു. ‘ഐപിസി 354 (സ്ത്രീകളെ അക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക), ഐപിസി 354 എ (ലൈംഗികാതിക്രമം), ഐപിസി 354 ഡി (സ്‌റ്റോക്കിങ്) എന്നീ കുറ്റങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ചുമത്താം’, അതുല്‍ പറഞ്ഞു. എന്നാല്‍ ഓഗസ്റ്റ് 19ലേക്ക് അടുത്ത വാദം കേള്‍ക്കല്‍ കോടതി മാറ്റിവച്ചു.

ജൂലൈ 20ന് ബ്രിജ്ഭൂഷണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്, സാക്ഷികളെ പ്രേരിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 25000 രൂപ വീതം ബോണ്ടിലാണ് ബ്രിജ്ഭൂഷണിനും തോമറിനും കോടതി ജാമ്യം അനുവദിച്ചത്. സിങ്ങിന്റെ ജാമ്യം അന്ന് തന്നെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 15നാണ് ഡല്‍ഹി പൊലീസ് ബ്രിജ്ഭൂഷണെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, തുടര്‍ച്ചയായി താരങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു എന്നിവയൊക്കെയാണ് ചാര്‍ജ് ഷീറ്റിലുള്ളത്.


ഇതുകൂടി വായിക്കാം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബില്ലുകളുമായി അമിത് ഷാ


10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്ഐആറാണ് ആദ്യ ഘട്ടത്തില്‍ ബ്രിജ്ഭൂഷണെതിരായ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ പോക്സോ കേസിലെ എഫ്ഐആര്‍ റദ്ദാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് ലൈംഗികാതിക്രമക്കേസ് പിന്‍വലിച്ചതിനാലാണ് എഫ്ഐആര്‍ റദ്ദാക്കിയത്. ആറ് ഒളിമ്പ്യന്‍മാരുടെ പരാതിയിലെ ആരോപണങ്ങളാണ് രണ്ടാമത്തെ എഫ്ഐആറിലുള്ളത്. സ്ത്രീകളെ മോശമായി സ്പര്‍ശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വച്ച് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ്ഐആറിലുണ്ടായിരുന്നത്.

Eng­lish Sam­mury: Here is evi­dence to pros­e­cute Brij Bhushan; Del­hi Police to court

Exit mobile version