Site iconSite icon Janayugom Online

ഡല്‍ഹി കലാപം;പത്ത് മാസമായി പ്രോസിക്യൂട്ടര്‍ ഹാജരായില്ല,3000 രൂപ പിഴയിട്ട് കോടതി

വടക്കു-കിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ പത്ത് മാസമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതിന് 3000 രൂപ പിഴ വിധിച്ച് കോടതി. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗിന്റേതാണ് ഉത്തരവ്.
സംഭവത്തില്‍ അന്വേഷണം നടത്തി ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ഈ വര്‍ഷം ജനുവരിയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ദീര്‍ഘകാലം കോടതിയില്‍ ഹാജരാകാതിരുന്നത് കേസ് തീര്‍പ്പാക്കുന്നത് വൈകിപ്പിച്ചുവെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇത്തവണയും പ്രോസിക്യൂട്ടര്‍ ഹാജരായിട്ടില്ലെന്നും കേസ് നീട്ടിവയ്ക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ജനുവരി 25ന് വീണ്ടും വാദം കേള്‍ക്കും.

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകാത്തത് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കലാതാമസം ഉണ്ടാക്കുന്നതായി അടുത്തിടെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദ്ര ഭട്ട് നിരീക്ഷിച്ചിരുന്നു. സംഭവത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
eng­lish sum­ma­ry; Pros­e­cu­tor absent for 10 months in Del­hi riots fined Rs 3,000 by court
you may also like this video;

Exit mobile version