Site iconSite icon Janayugom Online

ഓണം സമൃദ്ധമാക്കാൻ സമൃദ്ധി കിറ്റും ഗിഫ്റ്റ് കാര്‍ഡും

മലയാളികള്‍ക്ക് ഇത്തവണ ഓണം സമൃദ്ധമായി ആഘോഷിക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകൾ. ഓണാഘോഷത്തില്‍ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നല്‍കാന്‍ കൈ നിറയെ ഗിഫ്റ്റ് കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുകയാണ് സപ്ലൈകോ. ഓഗസ്റ്റ് ആദ്യവാരം മുതൽ ലഭ്യമാകുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. ഗിഫ്റ്റ് കാർഡുമായി ഔട്ട്‌ലെറ്റുകളിലെത്തുന്നവർക്ക് സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റും സ്വന്തമാക്കാം. സപ്ലൈകോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഓണത്തിന് മുന്നോടിയായി ഗിഫ്റ്റ് കാര്‍ഡുകള്‍ ഒരുക്കുന്നത്. സെപ്തംബര്‍ 30 വരെ ഈ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോയുടെ ഏത് ഔട്ട്ലെറ്റിലെത്തിയും കിറ്റുകൾ വാങ്ങാന്‍ കഴിയും. സര്‍ക്കാര്‍— സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് ഓണസമ്മാനമായും ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കും. എത്ര കാര്‍ഡുകള്‍ ആവശ്യമാണോ അത്രയും നല്‍കാന്‍ സപ്ലൈകോ സജ്ജമാണെന്ന് ജനറല്‍ മാനേജര്‍ വി കെ അബ്ദുല്‍ ഖാദര്‍ പറ‍ഞ്ഞു. ഗിഫ്റ്റ് കാര്‍ഡുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് സപ്ലൈകോയെ സമീപിക്കാം. 

1000 രൂപയുടെയും 500 രൂപയുടെയും ഗിഫ്റ്റ് കാർഡുകളാണ് ലഭ്യമാവുക. ഈ തുകയ്ക്ക് ലഭ്യമാകുന്ന സാധനങ്ങള്‍ സപ്ലൈകോയില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. കാര്‍ഡിന് പുറമെ, 1225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ലഭ്യമാകും. 18 ഇനങ്ങളടങ്ങിയതാണ് സമൃദ്ധി കിറ്റ്. അഞ്ച് കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, കടുക്, ജീരകം, മഞ്ഞൾപ്പൊടി, പുട്ടുപൊടി, മിൽമ നെയ്യ്, പായസം മിക്‌സ്, മല്ലിപ്പൊടി, സാമ്പാർ പൊടി, ആട്ട, ശർക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാർ, ഉലുവ എന്നിവയാണ് കിറ്റിലുണ്ടാവുക. പത്തിനങ്ങളുള്ള മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, കടുക്, മഞ്ഞൾപ്പൊടി, മിൽമ നെയ്യ്, പായസം മിക്‌സ്, സാമ്പാർ പൊടി, ശർക്കരപ്പൊടി എന്നിവയുണ്ടാകും. ശബരി ഉല്പന്നങ്ങളായ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട, പുട്ടുപൊടി എന്നീ ഒമ്പതിനങ്ങളാണ് സിഗ്നേച്ചർ കിറ്റില്‍. ഓണ വിപണിയെ വരവേല്‍ക്കാന്‍ സപ്ലൈകോ ഒരുങ്ങിക്കഴിഞ്ഞതായും സാധനങ്ങളുടെ ലഭ്യത ഇതിനകം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അബ്ദുല്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version