Site iconSite icon Janayugom Online

പാട്യാലയിൽ ബിജെപി സ്ഥാനാര്‍ത്ഥിക്കുനേരെ പ്രതിഷേധം: കര്‍ഷകൻ മ രിച്ചു

പഞ്ചാബിലെ പാട്യാലയിൽ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകൻ മരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ.
പട്യാലയിലെ സെഹ്‌റ ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കുനേരെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകനായ സുരീന്ദര്‍ പാല്‍ സിങ് ആണ് മരിച്ചത്. കരിങ്കൊടികളുമായി കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ കര്‍ഷകര്‍ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനാംഗങ്ങളും ബിജെപി പ്രവര്‍ത്തകരും കര്‍ഷകരെ മര്‍ദിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ സുരീന്ദര്‍പാല്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

കര്‍ഷകന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. നിലവിൽ സുരീന്ദർ പാലിന്റെ മൃതദേഹം രാജ്പുരയിലെ സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ രാജ്പുരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ചർച്ചകൾക്ക് ശേഷം കർഷക സംഘടനകള്‍ ശക്തമായ സമരനടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പഞ്ചാബ് സംസ്ഥാനത്തുടനീളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ കര്‍ഷക പ്രതിഷേധത്തെ നേരിടേണ്ടിവരുന്നുണ്ട്. 

Eng­lish Summary:Protest against BJP can­di­date in Patiala: Farmer dies
You may also like this video

Exit mobile version