Site iconSite icon Janayugom Online

കൊടും വഞ്ചനയ്ക്കെതിരെ പ്രതിഷേധാഗ്നി

വയനാട് ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന കൊടിയ വഞ്ചനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഐ പ്രതിഷേധം. അധിക ധനസഹായം അനുവദിക്കാതെ കടുത്ത അവഗണന കാട്ടുകയും സംസ്ഥാനത്തെ അപഹസിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
രാജ്ഭവന് മുന്നില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരന്‍ കൊല്ലത്തും സി എന്‍ ജയദേവന്‍ തൃശൂരിലും സത്യന്‍ മൊകേരി കോഴിക്കോടും സി പി മുരളി കാസര്‍കോടും കമലാ സദാനന്ദൻ എറണാകുളത്തും കെ കെ അഷ്‌റഫ് മൂവാറ്റുപുഴയിലും ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ കണ്ണൂര്‍, ജില്ലാ സെക്രട്ടറിമാരായ ടി ജെ ആഞ്ചലോസ് ആലപ്പുഴ, ഇ ജെ ബാബു കല്പറ്റ, കെ സലിംകുമാര്‍ ഇടുക്കി കരുമണ്ണൂര്‍, സി കെ ശശിധരന്‍ പത്തനംതിട്ടയിലെ അടൂര്‍ എന്നിവിടങ്ങളില്‍ സമരം ഉദ്ഘാടനം ചെയ്തു. ഇടുക്കിയില്‍ പത്തിടങ്ങളില്‍ സമരം നടന്നു.
മലപ്പുറത്ത് മഞ്ചേരിയില്‍ നിന്ന് ജില്ലാ ആസ്ഥാനത്തേക്കുള്ള ലോങ്മാര്‍ച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചതിനാല്‍ മാര്‍ച്ച് നിര്‍ത്തിവച്ചു. തുടര്‍ന്ന് രാത്രി മലപ്പുറത്ത് പ്രതിഷേധാഗ്നി തെളിയിച്ചു. കോട്ടയത്ത് ഇന്ന് പ്രതിഷേധമാര്‍ച്ച് നടക്കും. 

Exit mobile version