ഇൻഡിഗോ വിമാന സർവീസുകളിലെ രാജ്യവ്യാപകമായ പ്രതിസന്ധി തുടരുന്നതിനിടെ, ഡല്‍ഹി വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ പ്രതിഷേധ സൂചകമായി വസ്ത്രമൂരുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരന്റെ വീഡിയോ പുറത്ത്. കടുത്ത ദേഷ്യത്തിലായിരുന്ന യാത്രക്കാരൻ ഷർട്ട് ഊരിയെറിഞ്ഞ ശേഷം ഉദ്യോഗസ്ഥരോട് ആവർത്തിച്ച് ‘ഞാൻ എന്റെ വസ്ത്രങ്ങൾ ഊരിയെറിയും’ എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന പ്രതിസന്ധിക്ക് കാരണമായ ഇൻഡിഗോയുടെ താളം തെറ്റലിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിയ ദിവസമാണ് ഈ സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് അർദ്ധരാത്രി വരെ പുറപ്പെടേണ്ട എല്ലാ ആഭ്യന്തര വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിരുന്നു.

