Site iconSite icon Janayugom Online

കനാലിൽ വെള്ളം തുറന്ന് വിടാത്തതിൽ പ്രതിഷേധം: തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ തോക്കുമായി യുവാവ്

കനാലിൽ വെള്ളം തുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും അകത്ത് ആക്കി ഗേറ്റ് പൂട്ടി. ഇന്നലെ രാവിലെ 10.30 ഓടെ വില്ലേജ് ഓഫിസറും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും പഞ്ചായത്തംഗങ്ങളും ഓഫീസുകളിൽ എത്തിയതിന് പിന്നാലെയാണ് അരയിൽ താേക്കും പൂട്ടും പ്ലക്കാർഡുമായി എത്തിയ യുവാവ് പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്റെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടി പ്രതിഷേധിച്ചത്.

നെല്ലിവിള നെടിഞ്ഞിൽ സ്വദേശിയായ മുരുകൻ (33) എന്ന യുവാവാണ് ആശങ്ക പരത്തിയ പ്രതിഷേധം നടത്തിയത്. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാർഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. നെയ്യാർ ഇറിഗേഷൻ കനാലിൽ കഴിഞ്ഞ രണ്ടുവർഷമായി വെള്ളം ലഭിക്കാത്തതിനാൽ കർഷകർ അടക്കം ബുദ്ധിമുട്ടിലാണെന്നും പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഓഫിസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പുറത്ത് നിന്ന് പൂട്ടിയതോടെ ഒരു മണിക്കൂറോളം ജീവനക്കാരും ജനപ്രതിനിധികളും ഉള്ളിൽ കുടുങ്ങി. സംഭവം അറിഞ്ഞ് ബാലരാമപുരം ഗ്രേഡ് എസ് ഐ ബിനു ജസ്റ്റസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ പൊലീസ് യുവാവിനെയും അരയിൽ സൂക്ഷിച്ച എയർ ഗണ്ണും പൊലീസ് താേക്കും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. അരയിൽ താേക്കുണ്ടായിരുന്നെങ്കിലും യുവാവ് താേക്ക് പുറത്തെടുത്തിരുന്നില്ല.
പിടിയിലായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും യുവാവിനെയും താേക്കും കാേടതിയിൽ ഹാജരാക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Protest against non-open­ing of water in the canal: Youth with gun in gram pan­chay­at office

You may also like this video

Exit mobile version