Site iconSite icon Janayugom Online

ബ്രിജ് ഭൂഷണ്‍ അനുകൂല നിലപാട്: പി ടി ഉഷക്കെതിരെ പ്രതിഷേധം

ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എംപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. താരങ്ങളുടെ പ്രതിഷേധം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമുണ്ടാക്കുന്നതാണെന്നായിരുന്നു ഉഷ പറഞ്ഞത്.

ഇതിനെതിരെയാണ് മഹുവ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ബ്രിജ് ഭൂഷണിനെതിരായ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കുമെന്ന് പറയുമ്പോള്‍ അയാള്‍ക്കെതിരായ പീഡന ആരോപണങ്ങളും, കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ ഇന്ത്യയില്‍ റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ എന്നാണ് മഹുവ ട്വിറ്ററില്‍ കുറിച്ചത്. സ്‌റ്റോപ് ക്രൗളിങ് എന്ന ഹാഷ് ടാഗോടെയാണ് മഹുവ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായക്ക് ദോഷകരമാകുന്നുവെന്നാണ് ഉഷ പറയുന്നത്.

ഭരണകക്ഷി എംപിയും വര്‍ഷങ്ങളോളം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനുമായിരുന്ന ആള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളും, സുപ്രീംകോടതി നിര്‍ദേശത്തിനിടയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഡല്‍ഹി കോടതിയുടെ നടപടിയുമെല്ലാം, രാജ്യത്ത് റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ? മുട്ടിലിഴയുന്നത് അവസാനിപ്പിക്കൂ,മഹുവ ട്വീറ്റ് ചെയ്തു.ഉഷയുടെ പരാമര്‍ശം പ്രതീക്ഷിക്കാത്തതാണെന്നും പ്രതിഷേധങ്ങളെ അവര്‍ പിന്തുണക്കുമെന്നാണ് കരുതിയതെന്നും വ്യക്തമാക്കി ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായിരുന്ന ബജ്‌റംഗ് പൂനിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Eng­lish Summary:Protest against PT Usha

You may also like this video:

Exit mobile version