Site iconSite icon Janayugom Online

നിലനില്പിനായി തുടരേണ്ട പോരാട്ടങ്ങൾ

രാജ്യത്തെ ജനാധിപത്യം ഹെഗലിയൻ വൈരുദ്ധ്യാത്മക ആശയവാദം പോലെമാറിയിരിക്കുന്നു. അത് അവിടെയുണ്ട്, എന്നാൽ അവിടെ ഇല്ല എന്ന സ്ഥിതി. വ്യാഖ്യാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം മാത്രമാണ് സ്ഥായിയായുള്ളത്. വികസനത്തിന്റെ പേരിലായിരുന്നു കാർഷിക നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്രഭരണകൂടം പരിശ്രമിച്ചത്. സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ തുടച്ചുനീക്കി പുതിയ നിയമങ്ങൾ കർഷകർക്ക് മേൽ അടിച്ചേല്പിക്കാൻ ശ്രമിച്ചു. അടിച്ചേല്പിക്കപ്പെട്ട പുതുനിയമങ്ങൾ ജനാധിപത്യ നിഷേധവും മൗലികാവകാശ വിരുദ്ധവുമായിരുന്നു. മൗലികാവകാശങ്ങൾ ഭരണഘടന വ്യക്തമായി നിർവഹിച്ചിട്ടുണ്ട്. മൗലികാവകാശ ലംഘനം ഉണ്ടാകുമ്പോൾ അത് വീണ്ടെടുക്കാനുള്ള പോരാട്ടം ശിക്ഷയ്ക്ക് കാരണവുമല്ല. എന്നാൽ സംസാരിക്കാനുള്ള അവകാശം ഉൾപ്പെടെ ഭരണഘടനാപരമായ അവകാശങ്ങൾ ഊട്ടിയുറപ്പിക്കാൻ പോരാട്ടത്തിനിറങ്ങുന്നവരെ വികസന വിരോധികൾ എന്ന മുദ്ര ചാർത്തി വേട്ടയാടുന്നു. വിമർശനങ്ങളോടുള്ള ഭരണകൂട സമീപനം അസഹിഷ്ണുതയാണ്. കർഷകർക്കെതിരെ ചുമത്തിയ എണ്ണമറ്റ കേസുകളും സമാന ജനാധിപത്യവിരുദ്ധ നടപടികളുടെ തുടർച്ചയാണ്. കർഷകമുന്നേറ്റത്തെ തന്നെ തകർക്കാൻ കുടിലമായ സമീപനങ്ങൾ ആവിഷ്കരിച്ചു. ബലംപ്രയോഗിച്ച് കീഴടക്കാൻ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയത്തിലാണ് അവസാനിച്ചത്. പതിമൂന്ന് മാസം നീണ്ട ധർണ കർഷകർക്കും യുവാക്കൾക്കും കർഷകർക്കൊപ്പം നിലകൊണ്ട സകല വിഭാഗങ്ങൾക്കും പോരാട്ടത്തിന്റെ പരിശീലനക്കളരിയായിരുന്നു. മരംകോച്ചുന്ന ശൈത്യകാലത്തെയും പീരങ്കികൾ ചീറ്റുന്ന ജലധാരയേയും കൊടിയ വേനലിനെയും കൊറോണ പകർച്ചവ്യാധിയേയും എല്ലാം നേരിട്ട് മുന്നേറാൻ അവരെ പ്രാപ്തരാക്കിയത് ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നു. ശിശുക്കളടങ്ങുന്ന കുടുംബങ്ങൾ, വയോധികരായ മാതാപിതാക്കൾ എല്ലാവരും ഒരുമനസായി അഗ്നിപരീക്ഷയുടെ നാളുകൾ താണ്ടി. അവർക്ക് നൂറുകണക്കിന് സഖാക്കളെ നഷ്ടപ്പെട്ടു. പോരാട്ടവഴികളിൽ അവർ ഉറച്ചുനിന്നു. ഗ്രാമങ്ങളിൽ നിന്ന് എത്തിയിരുന്ന ഭക്ഷണത്തിന്റെ മൂലഉറവിടത്തെക്കുറിച്ചോ ലക്ഷ്യസ്ഥാനത്തെക്കുറിച്ചോ ആരും വിഷമിച്ചില്ല. വിതരണം ചെയ്യുന്നവരുടെ ജാതിയോ മതമോ ആരും പരിഗണിച്ചുമില്ല. കേന്ദ്രസർക്കാരും സംയുക്ത കിസാൻ മോർച്ച (എസ്എംകെ)യും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് ഡിസംബർ 12 ന് കെയ്‌രാനയില്‍ സംഘടിപ്പിച്ച ആദ്യ മഹാപഞ്ചായത്തിൽ സർക്കാർ തങ്ങളുടെ വർഗീയ നയം തിരുത്തിയില്ലെങ്കിൽ അധികാരത്തിന് പുറത്തേയ്ക്കെന്ന് വ്യക്തമാക്കുകയും ചെയ്തു. ”ആർക്ക് വോട്ടുചെയ്യണമെന്ന് പറയാൻ ഞങ്ങൾ ഇവിടെയില്ല.


ഇതുകൂടി വായിക്കാം; അപകടത്തിലാകുന്ന ജനാധിപത്യം


എന്നാൽ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് സർക്കാരിനെ ഓർമ്മിപ്പിക്കാനും അത് പാലിക്കാനും ഞങ്ങൾ ഇവിടെയുണ്ട്.” കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഒരു ഗാർഹിക വിഷയമായി മാറി എന്നതാണ് കർഷകധർണയുടെ ഏറ്റവും വലിയ വിജയമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായ രീതിയിൽ കർഷകർക്കുമേൽ അടിച്ചേല്പിച്ച നിയമങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്ത് എന്നതിൽ ഇനിയും വ്യക്തതയാർജ്ജിക്കേണ്ടതുണ്ട്. ആദ്യം ഓർഡിനൻസായി. പിന്നീട് പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കുകയും ഒരു ചർച്ചയുമില്ലാതെ നിയമമായി പാസാക്കുകയും ചെയ്യുകയായിരുന്നു. കർഷകർ മാരണ നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിനിറങ്ങി. രാജ്യത്തുടനീളം പ്രകടനങ്ങൾ തുടർന്നു. അത് രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ ധർണയിൽ കലാശിക്കുകയും ചെയ്തു. പ്രക്ഷോഭം ഒരാണ്ടു തുടർന്നപ്പോഴും കർഷകരെ കാണാൻ പോലും പ്രധാനമന്ത്രി തയാറായില്ല. ചർച്ചകളാകട്ടെ ഏകപക്ഷീയവുമായിരുന്നു. ഒടുവിൽ ഒരു കൂടിയാലോചനയും കൂടാതെ മൂന്ന് നിയമങ്ങളും പിൻവലിച്ചു. എന്നാൽ കുറഞ്ഞ താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യങ്ങൾ പാലിക്കപ്പെട്ടില്ല. പ്രക്ഷോഭം തുടർന്നു. കുറഞ്ഞ താങ്ങുവില കുത്തകകളുടെ ചൂഷണത്തിൽ നിന്ന് കർഷകർക്ക് സംരക്ഷണം നൽകും. എല്ലാ കർഷകർക്കും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. ഇവയാകട്ടെ പാസാക്കിയതും പിന്നീട് പുനഃപരിശോധിച്ചതുമായ നിയമങ്ങളുടെ ഭാഗമല്ല. കോർപറേറ്റ് ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്ന നടപടിയാണ് എംഎസ്‌പി. വില സ്ഥിരത കൈവരിക്കുന്നതിനും കർഷകർക്ക് ആദായകരമായ വില നൽകുന്നതിനും സർക്കാർ ഇടപെടുമ്പോൾ മാത്രമാണ് കാർഷിക വിളകൾക്ക് വില സ്ഥിരത സാധ്യമാകുന്നത്. പക്ഷെ, ഇപ്പോൾ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഒരു പൊതു സംഭരണ പദ്ധതി മാത്രമായിരിക്കുന്നു. 23 വിളകൾക്ക് എംഎസ്‌പി എന്ന വാഗ്ദാനത്തിന് വിരുദ്ധമായി, എൻഎഫ്എസ്എയിൽ വിതരണം ചെയ്യുന്ന അരിയും ഗോതമ്പും മാത്രമാണ് സംഭരിക്കുന്നത്. മറ്റ് വിളകൾക്ക്, എംഎസ്‌പി ഇല്ല. എംഎസ്‌പിക്ക് നിയമപരമായ ഉറപ്പുവേണമെന്ന ആവശ്യം ഗൗരവമായി കാണേണ്ടതുണ്ട്. 2014ലും 2015ലും കർഷകർ വിലത്തകർച്ച നേരിട്ടു. നോട്ട് നിരോധനവും തിടുക്കത്തിൽ ജിഎസ്‌ടി നടപ്പിലാക്കിയതും കാർഷിക മേഖലയെ തകർത്തു. ഭൂരിഭാഗം കർഷകരും അപകടകരമാംവിധം ഇരുളിലാണ്ടു. 2014 മുതൽ ഗ്രാമീണ വേതനം ഗണ്യമായി ഇടിഞ്ഞിരുന്നു. തൊഴിലവസരങ്ങൾ പരിമിതങ്ങളായി. ജീവിത പ്രതിസന്ധി കനത്തു. ഡീസൽ, വൈദ്യുതി, രാസവളം തുടങ്ങിയ കാർഷിക മേഖലയുടെ അനിവാര്യതകൾ ആകാശം കവിഞ്ഞു. ഇന്നലെ ജീവിതം കഠിനമായിരുന്നു, ഇപ്പോൾ നിലനിൽപ്പും ഇല്ലാതാകുന്നു.

You may also like this video;

Exit mobile version