Site iconSite icon Janayugom Online

സര്‍ക്കാരിന്റെ പാശ്ചാത്യ അനുകൂല നിലപാടിനെതിരെ പ്രാഗില്‍ പ്രതിഷേധം

chekchek

ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം. വിലക്കയറ്റത്തിനെതിരെ തലസ്ഥാനമായ പ്രാഗില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. റഷ്യന്‍ പ്രത്യേകസൈനിക നടപടിയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഉക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച മധ്യ‑വലതുപക്ഷ സര്‍ക്കാര്‍ നിലപാട് രാജ്യത്തെ വലിയ വിലക്കയറ്റത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ചെക്ക് റിപ്പബ്ലിക് ഫസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. തീവ്രവലതുപക്ഷം, ക്രെംലിന്‍ അനുകൂലം, വാക്സിന്‍ വിരുദ്ധത തുടങ്ങിയ സമ്മിശ്ര നിലപാടുകളാണ് സംഘാടകര്‍ക്കുള്ളത്.
പ്രധാനമന്ത്രി പിയാറ്റര്‍ ഫിയാലും അദ്ദേഹത്തിന്റെ സഖ്യസര്‍ക്കാരും രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉക്രെയ്ന്‍, ഇയു, നാറ്റോ, യുഎന്‍, ലോകാരോഗ്യസംഘടന എന്നിവയ്ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെ ന്യായീകരിക്കുകയും ചെയ്തു.
റഷ്യ ശത്രുവല്ല, യുദ്ധക്കൊതിയന്മാരെയാണ് മാറ്റിനിര്‍ത്തേണ്ടതെന്നും സംഘാടകര്‍ പറഞ്ഞു. ചെക്ക് റിപ്പബ്ലിക് ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെക്ക് റിപ്പബ്ലിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബ്രണോയിലും സമാനമായ പ്രതിഷേധ പരിപാടികള്‍ നടന്നു. 70,000 പേര്‍ റാലിയില്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ കണക്കുകള്‍.
നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പദവി പ്രാഗിനാണ്. യൂറോപ്പില്‍ ഉക്രെയ്നെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ചെക്ക്. ഉക്രെയ്നിലേക്ക് വലിയതോതില്‍ ആയുധങ്ങള്‍ കയറ്റിയയ്ക്കുകയും നാലര ലക്ഷം ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പരിരക്ഷ, ധനസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഇവര്‍ക്ക് ഉറപ്പാക്കിയിരുന്നു. പ്രധാനമന്ത്രിമാരും ഏതാനും മന്ത്രിമാരും നാളെ കീവ് സന്ദര്‍ശിക്കാനിരിക്കുകയാണ്.
എന്നാല്‍ മറ്റ് പല രാജ്യങ്ങളെയും പോലെ ചെക്ക് റിപ്പബ്ലിക്കും ഗുരുതരമായ വിലക്കയറ്റത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ വിലക്കയറ്റം 18 ശതമാനം എത്തിയിരുന്നു.
നമ്മുടെ സുഹൃത്ത് ആരാണെന്നും നമ്മുടെ സ്വാതന്ത്ര്യത്തെ മുറിവേല്പിക്കുന്നതാരാണെന്നും ശത്രുവിനെയും അറിയാമെന്ന് പ്രതിഷേധത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി വിത് രകുസന്‍ ട്വീറ്റ് ചെയ്തു. 

Eng­lish Sum­ma­ry: Protests in Prague against the gov­ern­men­t’s pro-West­ern stance

You may also like this video

Exit mobile version