Site iconSite icon Janayugom Online

ഫ്രാൻസിൽ പ്രതിഷേധം ശക്തമാകുന്നു; ആയിരങ്ങൾ തെരുവിൽ, 200 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ഫ്രാൻസിൽ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനും എതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി തെരുവിലിറങ്ങിയത്. പ്രതിഷേധം തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പാർലമെൻ്റിൽ വിശ്വാസവോട്ടിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്‌റൂവ് രാജിവെക്കാൻ നിർബന്ധിതനായതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഭരണമാറ്റം കൊണ്ട് മാത്രം തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ബെയ്‌റൂവിൻ്റെ രാജിക്ക് പിന്നാലെ, പ്രസിഡൻ്റ് മാക്രോൺ സെബാസ്റ്റ്യൻ ലെകോർണുവിനെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. രണ്ട് വർഷത്തിനിടെ നിയമിതനാകുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലെകോർണു. ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു.

‘ബ്ലോക്ക് എവരിത്തിങ്’ എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിലവിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. ടിക് ടോക്ക്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ രൂപംകൊണ്ട ഈ പ്രസ്ഥാനത്തിന് കേന്ദ്രീകൃതമായ നേതൃത്വമില്ല. രാഷ്ട്രീയ വർഗത്തോടുള്ള വിദ്വേഷവും മാക്രോണിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് പ്രതിഷേധക്കാരുടെ അമർഷത്തിന് പ്രധാന കാരണം. പൊതുഗതാഗതം ഉൾപ്പെടെ തടസ്സപ്പെടുത്താനും ചിലയിടങ്ങളിൽ പൊലീസുമായി ഏറ്റുമുട്ടാനും പ്രതിഷേധക്കാർക്ക് സാധിച്ചു. ക്രമസമാധാന നില നിയന്ത്രിക്കുന്നതിനായി രാജ്യത്തുടനീളം 80,000 സുരക്ഷാ സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

Exit mobile version