പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കളായ നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം. ഖത്തര്‍, കുവൈറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രയും വേഗം മാപ്പുപറയണമെന്ന് സ്ഥാനപതി ദീപക് മിത്തലിനോട് ഖത്തര്‍ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജ്യത്ത് സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഖത്തറിന്റെ രൂക്ഷമായ പ്രതികരണം. പരസ്യമായി മാപ്പുപറയണമെന്ന ആവശ്യമാണ് കുവൈറ്റും ഉന്നയിക്കുന്നത്.
ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ഹാഷ്‍ടാഗുകൾ അറബ് രാജ്യങ്ങളില്‍ വ്യാപകമാകുകയും രാഷ്ട്രത്തലവൻമാർ പ്രതിഷേധം അറിയിക്കുകയും ചെയ്തതോടെ നൂപുർ ശർമയെയും നവീൻ ജിൻഡാലിനെയും ബിജെപി പുറത്താക്കി. നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തപ്പോൾ, ജിൻഡാലിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി. ഗ്യാൻവാപി വിഷയത്തെക്കുറിച്ചുള്ള ടെലിവിഷൻ ചർച്ചയിലാണ് നൂപുര്‍ ശർമ പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നൂപുറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാദ പ്രസ്താവന ഉത്തർ പ്രദേശിലെ കാൺപുരിലടക്കം സാമുദായിക സംഘർഷങ്ങൾക്ക് കാരണമായിരുന്നു. കാൺപുരിലെ സാമുദായിക സംഘർഷത്തിൽ 29 പേർ അറസ്റ്റിലായി.
എന്നാൽ പ്രതിപ്പട്ടികയില്‍ മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലായിരുന്നു നവീന്‍ ജിന്‍ഡാലിന്റെ പരാമര്‍ശം. നൂപുര്‍ ശര്‍മ്മ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നുവെന്നും കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് പറഞ്ഞു. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും ബിജെപി എതിരാണെന്നും അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്താവനയിൽ പറഞ്ഞു. നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും പാര്‍ട്ടി നടപടിയെത്തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചിട്ടുണ്ട്.
ബഹിഷ്കരണ ആഹ്വാനം
ഒമാനിലെ മുഖ്യപുരോഹിതന്‍ (ഗ്രാൻഡ് മുഫ്തി) ഷെയ്ഖ് അൽ ഖലീലി ഉൾപ്പെടെ വലിയ അനുയായികളുള്ള ട്വിറ്റർ ഹാൻഡിലുകൾ ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. #എക്സെപ്റ്റ്-മെസഞ്ചർ‑ഗോഡ്-യാ-മോഡി എന്ന ഹാഷ്‌ടാഗിലാണ് ഗൾഫിലെ പ്രചരണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ വിമർശനവും ഗ്രാൻഡ് മുഫ്തി ട്വീറ്റിലുണ്ട്. ഇത് ലോകത്തെ എല്ലാ മുസ്‌ലിങ്ങള്‍ക്കുമെതിരായ യുദ്ധമാണെന്നും ട്വീറ്റിലുണ്ട്. അഹമ്മദീയ മുസ്‌ലിം പുരോഹിതരുടെ മുഖ്യനാണ് ഷെയ്ഖ് അൽ ഖലീലി.
English summary;Provocative reference to Prophet Muhammad; Global protest
You may also like this video;