Site iconSite icon Janayugom Online

ഉണ്ണികൃഷ്ണന്‍ പോറ്റി എന്നല്ല ഒരു അവതാരങ്ങളുമായും ഇപ്പോഴത്തെ ബോര്‍ഡിന് ഒരു ബന്ധവുമില്ലെന്ന് പി എസ് പ്രശാന്ത്

ഉണ്ണികൃഷ്ണന്‍ പോറ്റി എന്നല്ല ഒരു അവതാരങ്ങളുമായും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന് ഒരു ബന്ധവുമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് എസ് പിയുടെ റിപ്പോര്‍ട്ട്. അതനുസരിച്ചാണ് നടപടിയെടുത്തത്. എസ് പി അന്തിമ റിപ്പോര്‍ട്ട് നല്‍കിയശേഷം, വീണ്ടും നടപടി എടുക്കേണ്ടതുണ്ടെങ്കില്‍ സ്വീകരിക്കും.

മറ്റെല്ലാ കാര്യങ്ങളും പുതിയ അന്വേഷണ സമിതി അന്വേഷിക്കട്ടെയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ ഈ മാസം 10 ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ടിന് ശേഷമാണ്, കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ, വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ എല്ലാം ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യുക. ഈ വിഷയത്തില്‍ തന്ത്രിമാരെ ആരെയും വിവാദത്തില്‍ പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. തന്ത്രിമാരുമായി നടത്തിയ കത്തിടപാടുകള്‍ അടക്കം എല്ലാ രേഖകളും ബോര്‍ഡിന്റെ പക്കലുണ്ട്. ഇതെല്ലാം പുതിയ അന്വേഷണ സമിതിക്ക് കൈമാറും. എല്ലാക്കാര്യങ്ങളും പുതിയ അന്വേഷണ സമിതി പരിശോധിക്കട്ടെ.വാറണ്ടിയുള്ള സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാന്‍ തയ്യാറാണോ എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ടു എന്നത് വാസ്തവമാണ്. ആ കത്തെല്ലാം പരസ്യമായിട്ടുള്ളതാണ്. കഴിഞ്ഞ ബോര്‍ഡിലുള്ളവര്‍ക്കും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല.

എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം പുതിയ സമിതി അന്വേഷിക്കട്ടെ. സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണം കമ്മീഷണര്‍ നല്‍കിയ ഇ‑മെയില്‍ പിന്‍വലിച്ചതില്‍ ദുരൂഹതയില്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ഒന്നും ഒളിക്കാനില്ലെന്നും പ്രശാന്ത് പറഞ്ഞു.പുതുതായി വന്ന തിരുവാഭരണം കമ്മീഷണറാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മെയില്‍ അയക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താനുള്ള വാറണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുണ്ട്. പ്ലേറ്റിങ്ങുമായി ബന്ധപ്പെട്ട് ആധികാരികമായ സ്ഥാപനമാണെന്ന് ബോധ്യപ്പെട്ടു. ഇതു മനസ്സിലാക്കി മുന്‍ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ് പ്രശാന്ത് പറയുന്നു

അതല്ലാതെ ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊടുത്തയക്കാന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.നിലവില്‍ സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന് വൈദഗ്ധ്യമില്ലെന്നാണ് തിരുവാഭരണം കമ്മീഷണര്‍ 2025 ജൂലൈ 30 ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇ‑മെയില്‍ അയച്ചത്.

അതിനാല്‍ വീണ്ടും സ്വര്‍ണം പൂശല്‍ ദേവസ്വം ആസ്ഥാനത്തു വെച്ചു തന്നെ നടത്തേണ്ടതാണെന്നും മെയിലില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ എട്ടു ദിവസത്തിനകം ഈ മെയില്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനിടെ ദേവസ്വം അധികൃതരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ സംഭാഷണം നടന്നിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനു തന്നെ അറ്റകുറ്റപ്പണിക്ക് നല്‍കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിലാണ് തിരുവാഭരണം കമ്മീഷണറുടെ ഇ‑മെയിലും അത് പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Exit mobile version