Site iconSite icon Janayugom Online

പിഎസ്‌സി പത്താം തലം പ്രാഥമിക പരീക്ഷ മെയ്‌, ജൂണ്‍ മാസങ്ങളില്‍

pscpsc

വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച പത്താം ക്ലാസ്‌ വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക്‌ മെയ്‌, ജൂണ്‍ മാസങ്ങളില്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ പൊതുപ്രാഥമിക പരീക്ഷ നടത്തും. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്‌ക്ക്‌ സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്‌തികകളിലേക്ക്‌ ഏതാണ്ട്‌ 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്‌.

കേരള അഗ്രോ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്‌, റവന്യൂ വകുപ്പില്‍ വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌, വനം വകുപ്പില്‍ റിസര്‍വ്‌ വാച്ചര്‍/ഡിപ്പോ വാച്ചര്‍, ഇന്ത്യന്‍ റിസര്‍വ്‌ ബറ്റാലിയനിലേക്കുള്ള പോലീസ്‌ കോണ്‍സ്റ്റബിള്‍, ബിവറേജ്‌ കോര്‍പ്പറേഷനില്‍ എല്‍ഡി ക്ലര്‍ക്ക്‌, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ പ്രിസണ്‍ ഓഫീസര്‍, വിവിധ കമ്പനി/ബോര്‍ഡ്‌/കോര്‍പ്പറേഷനില്‍ ലാസ്റ്റ്‌ ഗ്രേഡ്‌ സെര്‍വന്റ്‌, കേരള കോ-ഓപ്പറേറ്റീവ്‌ റബ്ബര്‍ മാര്‍ക്കറ്റിങ്ങില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങിയവയാണ്‌ പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്‌തികകള്‍. തസ്‌തികകളുടെ വിശദാംശവും സിലബസും പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പരീക്ഷയ്‌ക്ക്‌ സ്ഥിരീകരണം നല്‍കുവാനുള്ള സമയം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 11 വരെയാണ്‌. ഇത്‌ സംബന്ധിച്ച അറിയിപ്പുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പ്രൊഫൈല്‍ വഴി നല്‍കിയിട്ടുണ്ട്‌. അപേക്ഷിച്ച ഓരോ തസ്‌തികയ്‌ക്കും പരീക്ഷ എഴുതുമെന്ന്‌ പ്രത്യേകം ഉറപ്പു നല്‍കണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നല്‍കാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കും‌. സ്ഥിരീകരണം നല്‍കുമ്പോള്‍ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ്‌ എന്നിവയില്‍ ഏതെന്ന്‌ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്‌. മുന്‍കൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തില്‍ മാത്രമേ ചോദ്യപേപ്പര്‍ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച്‌ പിന്നീട്‌ ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. സ്ഥിരീകരണം നല്‍കുന്നതിന്‌ മുന്‍പ്‌ കമ്മ്യൂണിക്കേഷന്‍ അഡ്രസ്സില്‍ ആവശ്യമായ മാറ്റം വരുത്തിയാല്‍ അതു പ്രകാരമുള്ള ജില്ലയില്‍ ലഭ്യത അനുസരിച്ച്‌ പരീക്ഷാകേന്ദ്രം അനുവദിക്കും.

സമാന യോഗ്യതയുള്ള തസ്‌തികകള്‍ക്ക്‌ പൊതുപ്രാഥമിക പരീക്ഷയും അതില്‍ അര്‍ഹത നേടുന്നവര്‍ക്ക്‌ അന്തിമ പരീക്ഷയും നടത്തി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ്‌ രീതി കഴിഞ്ഞ വര്‍ഷമാണ്‌ കേരള പിഎസ്‌സി ആദ്യമായി ആരംഭിച്ചത്‌. 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാലു ഘട്ടങ്ങളിലായി 192 തസ്‌തികകളിലേക്കാണ്‌ ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടന്നത്‌. 18 ലക്ഷത്തോളം അപേക്ഷകളാണ്‌ അന്നുണ്ടായിരുന്നത്‌. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അന്തിമ പരീക്ഷകളും നടന്നു. മൂല്യനിര്‍ണയങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടിയിലേക്ക്‌ പിഎസ്‌സി കടന്നിരിക്കുകയാണ്‌.

പ്രധാന തസ്‌തികകളായ ലാസ്‌റ്റ്‌ ഗ്രേഡ്‌, എല്‍ഡി ക്ലര്‍ക്ക്‌ തസ്‌തികകളുടെ സാധ്യതപട്ടിക മാര്‍ച്ച്‌ മാസത്തില്‍ പ്രസിദ്ധീകരിക്കും. പ്രമാണപരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കാനാവുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. മറ്റു തസ്‌തികകളുടെ റാങ്കുലിസ്റ്റുകളും തുടര്‍ന്ന്‌ പ്രസിദ്ധീകരിക്കും.

 

Eng­lish Sum­ma­ry: PSC 10th Lev­el Pre­lim­i­nary Exam­i­na­tion in May and June

 

You may like this video also

Exit mobile version