Site iconSite icon Janayugom Online

പിഎസ്‌സി തീരുമാനം നിയമാനുസൃതം; പട്ടിക വിപുലീകരിക്കണമെന്ന ആവശ്യം തള്ളി

pscpsc

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം നിശ്ചയിച്ചത് നിയമാനുസൃതമാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 26നാണ് പിഎസ്‌സി പട്ടിക പ്രസിദ്ധീകരിച്ചത്.

മലപ്പുറം ജില്ലയിൽ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോൾ 477 ഒഴിവുകൾ ഉണ്ടായിരുന്നുവെന്നും ഇതനുസരിച്ച് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചുരുക്കപട്ടികയുടെ വലിപ്പം കൂട്ടാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗാർത്ഥികളാണ് ട്രിബ്യൂണലിനെ സമീപിച്ചത്. സമാന വിഷയങ്ങളിലെ മുൻ ഉത്തരവുകളും പബ്ലിക് സർവീസ് കമ്മിഷന്റെ നടപടിക്രമങ്ങളും വിശദമായി പരിശോധിച്ച ട്രിബ്യൂണൽ പിഎസ്‌സിയുടെ തീരുമാനം നിയമവിധേയമാണെന്ന് കണ്ടെത്തുകയായിരുന്നു.

റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നികത്താനാവശ്യമായ എണ്ണം ഉദ്യോഗാർത്ഥികളെ ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തുവാനുള്ള അധികാരം പിഎസ്‌സിക്കുണ്ടെന്നും അപ്രകാരം മലപ്പുറം ജില്ലയിൽ എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നികത്താനാവശ്യമായ ഉദ്യോഗാർത്ഥികളെ മുഖ്യപട്ടികയിലും ആനുപാതികമായ എണ്ണം സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ട്രിബ്യൂണൽ കണ്ടെത്തി. ഒരു റാങ്ക് പട്ടിക നിലവിലിരിക്കെ അത് റദ്ദാക്കുന്നതിന് മുൻപ് മറ്റൊരു വിജ്ഞാപനമിറക്കാനും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുവാനുമുള്ള അധികാരം കേരള പബ്ലിക് സർവീസ് കമ്മിഷന് ഉണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ ഒരു തുടർ നടപടിയാണെന്നും നിലവിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമല്ല ഭാവിയിൽ അർഹത നേടുന്നവരെയും തുല്യനീതിയോടെ കാണേണ്ടതിന്റെ പ്രാധാന്യവും ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ചുരുക്കപട്ടികയുടെ വലുപ്പം കൂട്ടണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും പരാതി തീർപ്പാക്കികൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു.

 

Eng­lish Sum­ma­ry: PSC deci­sion legal; Reject­ed the need to expand the list

 

You may like this video also

Exit mobile version