രാജസ്ഥാൻ പബ്ലിക് സര്‍വീസ് കമ്മിഷൻ (ആര്‍പിഎസ്‌സി) ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി അടുത്തിടെ രാജിവച്ച മന്ത്രിയും ബിജെപി എംഎൽഎയുമായ കിരോഡി ലാൽ മീണ. അന്വേഷണ സംഘത്തിന്റെ മേധാവി എഡിജി വി ഡി സിങ്ങിനെ നേരിട്ടാണ് തെളിവുകള്‍ ഏല്പിച്ചതെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും അതിനാലാണ് അന്വേഷണം എങ്ങും എത്താതെ നില്‍ക്കുന്നതെന്നും മീണ ആരോപിച്ചു. തെളിവുകളില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അടക്കം പേരുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തിയാല്‍ വലിയ വമ്പന്മാരും പിടിക്കപ്പെടുമെന്നും മീണ പറഞ്ഞു. 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കില്‍ സത്യഗ്രഹം നടത്തുമെന്നും മീണ കൂട്ടിച്ചേര്‍ത്തു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ സൂത്രധാരന്മാര്‍ ഉദ്റാമും സുരേഷ് ധാക്കയും അണെന്നും, ഇവരെ അറസ്റ്റ് ചെയ്യണമെന്നും മീണ പറഞ്ഞു. ഉത്തരക്കടലാസ് പരിശോധിക്കാനുള്ള ചുമതല സ്വകാര്യ വ്യക്തികളെ ഏല്പിച്ച് ആർപിഎസ്‌സി ചെയർമാൻ സഞ്ജയ് ശ്രോത്രിയ ക്രമക്കേട് നടത്തിയെന്നും മീണ കുറ്റപ്പെടുത്തി. പേപ്പർ ചോർച്ച നടത്തുന്ന മാഫിയയെ വളരാൻ സഹായിച്ചത് മുൻസർക്കാരായ കോണ്‍ഗ്രസ് ആണെന്നും ബിജെപി എംഎല്‍എ ആരോപിച്ചു.
2022 ഡിസംബറിൽ, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ സംഘടിപ്പിച്ച രണ്ടാം ഗ്രേഡ് അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നെന്നാണ് കേസ്.
English Summary: PSC question paper leak: Ex-minister has evidence against elites
You may also like this video