ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫ്രഞ്ച് സൂപ്പർ കപ്പ് ഫൈനലിൽ ഒളിമ്പിക് മാഴ്സെയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി പാരിസ് സെന്റ് ജെർമേയ്ൻ (പിഎസ്‌ജി) കിരീടമുയർത്തി. ചരിത്രത്തിലാദ്യമായി കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയം വേദിയായ മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ 4–1 എന്ന സ്കോറിനാണ് പിഎസ്ജി വിജയം പിടിച്ചെടുത്തത്.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ പിഎസ്ജി, 13-ാം മിനിറ്റിൽ ബാലൺ ഡി ഓർ ജേതാവ് ഉസ്മാൻ ഡെംബെലെയിലൂടെ ആദ്യ ഗോൾ നേടി മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന മാഴ്സെ, 76-ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡ് നേടിയ പെനാൽറ്റി ഗോളിലൂടെ സമനില പിടിച്ചു.
മത്സരം അവസാനത്തോടടുക്കെ, പിഎസ്ജി താരം വില്യം പാച്ചോയുടെ ‘ഓൺ ഗോൾ’ മാഴ്സെയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാൽ നിശ്ചിത സമയത്തിന്റെ അധികനിമിഷങ്ങളിൽ (95-ാം മിനിറ്റിൽ) ഗോൺസാലോ റാമോസ് നേടിയ തകർപ്പൻ ഗോളിലൂടെ പിഎസ്ജി നാടകീയമായി സമനില പിടിക്കുകയും കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്തു.
പെനാൽറ്റി ഷൂട്ടൗട്ടിൽ പിഎസ്ജി ഗോൾകീപ്പർ ലൂക്കാസ് ഷെവലിയറുടെ മിന്നും പ്രകടനമാണ് കളി മാറ്റിയത്. പിഎസ്ജിയുടെ നാല് കിക്കുകളും വലയിലെത്തിയപ്പോൾ മാഴ്സെയ്ക്ക് ഒരെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചുള്ളൂ. ഇതോടെ പിഎസ്ജി തങ്ങളുടെ പതിനാലാം ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം കുവൈറ്റ് മണ്ണിൽ വെച്ച് ഉയർത്തി. കുവൈറ്റിലെ ഫുട്ബോൾ പ്രേമികൾക്ക് ലോകോത്തര താരങ്ങളുടെ പ്രകടനം നേരിട്ട് കാണാനുള്ള അപൂർവ്വ അവസരമാണ് ഈ മത്സരത്തിലൂടെ ലഭിച്ചത്.

