പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ പിഎസ്‌എല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പിഎസ്എല്‍ മുന്‍ നിശ്ചയിച്ചതുപോലെ നടക്കുമെന്നും വിദേശ താരങ്ങൾ ആരും പാകിസ്ഥാൻ വിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രതികരിച്ചു.
ഇംഗ്ലണ്ട് താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങാനായി തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. ടോം കറന്‍, ജെയിംസ് വിന്‍സ്, സാം ബില്ലിങ്‌സും, ലൂക്ക് വുഡ് എന്നിവരാണ് മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍. ആറ് ഫ്രാഞ്ചൈസികളാണ് പിഎസ്എല്ലില്‍ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങളാണ് ഇനി നടക്കാനുള്ളത്. റാവല്‍പിണ്ടിയിലും മുള്‍ട്ടാനിലുമാണ് ഈ മത്സരങ്ങള്‍. നിലവിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദേശ ക്രിക്കറ്റര്‍മാര്‍ പിന്മാറിയാല്‍ അത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവയ്ക്കുന്നതിലേക്കോ വേദി വിദേശത്തേക്ക് മാറ്റുന്നതിലേക്കോ എത്തിച്ചേരും.

