Site iconSite icon Janayugom Online

പിഎസ്എൽവി സി60 വിക്ഷേപണം വിജയം

ഐഎസ്ആര്‍ഒയുടെ അതിസങ്കീര്‍ണമായ സ്പാഡെക്സ് ദൗത്യത്തിനുള്ള ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി 60 വിക്ഷേപണം വിജയം. ഇന്ന് രാത്രി പത്തിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി60 കുതിച്ചുയര്‍ന്നത്. രാത്രി 9.58ന് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും ബഹിരാകാശ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് രണ്ട് മിനിറ്റ് വൈകിപ്പിക്കുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ അവസാനത്തെയും 99-ാമത്തെയും വിക്ഷേപണമാണിത്. രണ്ട് ഉപഗ്രഹങ്ങള്‍ക്കു പുറമെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ഭ്രമണപഥത്തിലെത്തിക്കും. 

റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. 476 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്ന ചേസര്‍ (എസ്ഡിഎക്സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്സ് 02) എന്നീ ഉപഗ്രഹങ്ങളെയാണ് ഐഎസ്ആര്‍ഒ ഡോക്ക് ചെയ്യിക്കുന്നത്. ഓരോ ഉപഗ്രഹങ്ങൾക്കും 220 കിലോഗ്രാം വീതമാണ് ഭാരം. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ചു കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ്. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

Exit mobile version