Site iconSite icon Janayugom Online

പിഎസ്എല്‍വി സി 60 വിക്ഷേപണം ഇന്ന്

ബഹിരാകാശത്ത് ഇരട്ട കൃത്രിമോപഗ്രഹങ്ങളുടെ ഡോക്കിങ് അടക്കമുള്ള പരീക്ഷണത്തിനുള്ള വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് രാത്രി 9.58ന് പേടകങ്ങളുമായി പിഎസ്എല്‍വി സി 60 റോക്കറ്റ് കുതിക്കും. അരമണിക്കൂറിനുള്ളില്‍ പേടകങ്ങള്‍ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തും. കൗണ്ട് ‍ഡൗണ്‍ ഇന്നലെ രാത്രി 8.58ന് തുടങ്ങി. ഇന്ധനം നിറക്കുന്ന പ്രക്രിയയും ആരംഭിച്ചു.ഈ വർഷത്തെ അവസാനത്തെ വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് വ്യക്തമാക്കി

ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതികവിദ്യ പരീക്ഷണം ജനുവരി ആറ്‌ മുതൽ 10 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.220 കിലോഗ്രാം വീതം ഭാരമുള്ള ടാർജറ്റ്, ചെയ്സർ ഉപഗ്രഹങ്ങളെ പടിപടിയായി അടുത്തു കൊണ്ടുവന്നാണ് ഡോക്കിങ് സാധ്യമാക്കുക. 20 കിലോമീറ്റർ വ്യത്യാസത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ അടുത്തെത്തിക്കുക എന്നത് സങ്കീർണമാണ്. ദൂരം നാല്‌ സെന്റിമീറ്ററില്‍ എത്തുന്നതോടെ ഡോക്കിങ്ങ് അവസാന ഘട്ടത്തിലെത്തും. ചന്ദ്രയാൻ 4, ഇന്ത്യൻ ബഹിരാകാശ നിലയം തുടങ്ങിയ ഭാവി ദൗത്യങ്ങൾക്കുള്ള സാങ്കേതിക വിദ്യ പരീക്ഷണമാണിത്. കൂടാതെ യന്ത്രകൈയുടെ പരീക്ഷണവുമുണ്ട്.

ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്ന റോക്കറ്റിന്റെ നാലാം ഘട്ടമായ പി എസ് 4 ഉപയോഗിച്ച് മൂന്നു മാസം നിരവധി പരീക്ഷണങ്ങളും നടത്തുന്നുണ്ട്. പോയം എന്ന ഈ പരീക്ഷണ തട്ടകത്തിലെ പ്രത്യേക ശാലയിൽ വിത്തുകൾ മുളപ്പിച്ച് നിരീക്ഷിക്കും. 24 പരീക്ഷണ ഉപകരണങ്ങളാണ് തട്ടകത്തിലുള്ളത്. എഐ ലാബ്, റഡാർ എന്നിവയും ഇതിലുണ്ട്.

Exit mobile version