പി ടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന ചിത്രം ദേശീയ അവാർഡ് നിർണയത്തിൽ മാറ്റി നിർത്തപ്പെട്ടുവെന്ന് സംവിധായകൻ സിബി മലയിൽ. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ‘പി ടി കലയും കാലവും’ എന്ന സാംസ്‌കാരിക മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009ലാണ് പരദേശി സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ..’ എന്ന ഗാനമാലപിച്ച സുജാതയെ അവസാന നിമിഷം അവാർഡ് നിർണയ പട്ടികയിൽ നന്ന് എടുത്ത് മാറ്റപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അഭിനയത്തിന് മോഹൻലാൽ, സംവിധാനത്തിന് പി ടി, വരികൾ എഴുതിയ റഫീഖ് അഹമ്മദ്, ഗാനമാലപിച്ച സുജാത, മേക്കപ്പിന് പട്ടണം റഷീദ് എന്നിങ്ങനെ അഞ്ച് അവാർഡുകളിലേറെ പരദേശിക്ക് വന്നിരുന്നെങ്കിലും മേക്കപ്പിനുള്ള പട്ടണം റഷീദിന്റെ അവാർഡ് മാത്രമാണ് ലഭിച്ചത്. മികച്ച ഗായികയായി സുജാതയെ പരിഗണിച്ചിരുന്നുവെങ്കിലും ഫിലിം ഫെസ്റ്റിവൽ ചെയർമാൻ ഇടപെട്ട് മാറ്റുകയായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു.
സർക്കാരിന്റെ സംസ്കാരിക വകുപ്പ് നടത്തുന്ന കേരള ചലച്ചിത്ര ഫെസ്റ്റിവൽ വേദികളിൽ പോലും വിദേശ ജ്യുറികളെ മാത്രം ഉൾക്കൊള്ളിച്ച് മലയാള ചലച്ചിത്രകാരന്മാരെ ഒഴിവാക്കുന്ന പ്രവണത അക്കാദമി മാറ്റി ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ടി കുഞ്ഞുമുഹമ്മദ്, പ്രിയനന്ദൻ എന്നിവരെ പോലെ മുഖ്യധാരയിൽ നിന്ന് വേറിട്ട് നിൽക്കുന്ന സിനിമകൾ ചെയ്യുന്നവരെ പരിഗണിക്കണം. ചലച്ചിത്ര അക്കാദമിയുടെ നിലപാടുകൾ വിഭാവനം ചെയ്യപ്പെട്ടിരുന്ന ഉദ്ദേശ ശുദ്ധിയിലേക്ക് എത്തുന്നില്ലെന്നും സിബി മലയിൽ പറഞ്ഞു.
സംവിധായകൻ പ്രിയനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിയുടെ ആത്മസുഹൃത്ത് പവിത്രന്റെ പത്നി പത്മശ്രീ കലാമണ്ഡലംക്ഷേമാവതി, ചായാഗ്രാഹകൻ സണ്ണിജോസഫ്, അശോകൻ ചെരുവിൽ, എൻ കെ അക്ബർ എംഎൽഎ, നടൻ ഇർഷാദ്, വി കെ ജോസഫ്, ഉമർ തറമേൽ തുടങ്ങിയവർ പങ്കെടുത്തു.
English Summary: PT Kunju Muhammed’s films set aside for national awards : CB Malayil
You may also like this video