പൊതുമേഖലാ-ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ഓഫിസര്‍മാരെയും ജീവനക്കാരെയും കൂട്ടമായി ഒഴിവാക്കുന്നതിന് നീക്കം. എല്ലാ മാസങ്ങളിലും ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തി അയോഗ്യരെന്ന് കണ്ടെത്തുന്നവരെ മുന്‍കൂര്‍ വിരമിക്കലിലൂടെ ഒഴിവാക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. മന്ത്രാലയത്തിലെ ധന സേവന വിഭാഗം ഇതുസംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍, മറ്റ് ദേശസാല്‍കൃത ബാങ്കുകളുടെ മാനേജിങ് ഡയറക്ടര്‍മാര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. പൊതുതാല്പര്യം പരിഗണിച്ച് ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനം വിലയിരുത്തണമെന്നാണ് നിര്‍ദേശം. എസ്ബിഐയില്‍ 50 വയസോ 25 വര്‍ഷ സേവനമോ പൂര്‍ത്തിയാക്കിയ ഓഫിസര്‍മാരെയാണ് വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മറ്റ് ദേശസാല്‍കൃത ബാങ്കുകളില്‍ ഇത് യഥാക്രമം 55 വയസ്, 30 വര്‍ഷ സേവനം എന്നതാണ്. ക്ലര്‍ക്കുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെ എസ്ബിഐ 58 വയസ് കഴിയുന്ന മുറയ്ക്ക് വിലയിരുത്തണം. മറ്റ് ബാങ്കുകളില്‍ 57 ആണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.
ഇത്തരം പരിശോധനകള്‍ക്ക് ശേഷം കാര്യക്ഷമതയില്ലെന്ന് കണ്ടെത്തിയാല്‍ മുന്‍കൂര്‍ വിരമിക്കലിന് നോട്ടീസ് നല്‍കണം. മൂന്ന് മാസത്തെ നോട്ടീസോ അത്രയും മാസത്തെ വേതനമോ നല്‍കി ഒഴിവാക്കണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മറ്റുള്ള ജീവനക്കാരുടെ കാര്യത്തില്‍ ഇത് രണ്ട് മാസമാണ്. ഓരോ മാസവും ജീവനക്കാരുടെ കാര്യക്ഷമതാ വിലയിരുത്തല്‍ നടത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കത്തിലുണ്ട്. അതനുസരിച്ച് എത്ര പേരെ മുന്‍കൂര്‍ വിരമിക്കലിന് ഇരയാക്കിയെന്നും അറിയിക്കണം.
ബാങ്കുകളില്‍ ഇപ്പോള്‍തന്നെ അരലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാരെ പുതിയ കാരണം കണ്ടെത്തി ഒഴിവാക്കുകയും പകരം കരാര്‍ ജീവനക്കാരെ നിയമിക്കുകയുമാണ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് ജീവനക്കാരുടെ ആശങ്ക. സ്വകാര്യ ബാങ്കുകളുമായുള്ള മത്സരത്തിന്റെയും മതിയായ ജീവനക്കാരുടെ അഭാവവും കാരണം വലിയ സമ്മര്‍ദം നേരിട്ടാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഓരോ മാസവും കാര്യക്ഷമത പരിശോധിക്കുക എന്നത് ജീവനക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും.
പുതിയ നിര്‍ദേശത്തിനെതിരെ ചില സംസ്ഥാനങ്ങളില്‍ ബാങ്ക് യൂണിയനുകള്‍ പണിമുടക്ക് ഉള്‍പ്പെടെ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമായി ചെറുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) അറിയിച്ചു. വെെകാതെ ചേരുന്ന ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദി വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം അറിയിച്ചു.