Site iconSite icon Janayugom Online

പൊതുമേഖലാ ബാങ്കുകള്‍ രണ്ടുവര്‍ഷംകൊണ്ട് 4,299 ശാഖകള്‍ അടച്ചുപൂട്ടി

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകളുടെ 4299 ശാഖകള്‍ ഇല്ലാതായി. കഴിഞ്ഞ വര്‍ഷം മാത്രം 13,000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അതേസമയം ഈ കാലയളവില്‍ സ്വകാര്യ ബാങ്ക് ശാഖകള്‍ 4023 എണ്ണം വര്‍ധിച്ച് 34,342 ആവുകയും ചെയ്തു. 2020ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 90,520 ശാഖകളുണ്ടായിരുന്നു. എന്നാല്‍ ലയനങ്ങളുടെ ഫലമായി 2021ല്‍ ഇത് 88,265 ആയും 2022ല്‍ 86,221 ആയും കുറഞ്ഞു.

2020–21 സാമ്പത്തിക വര്‍ഷം 5,34,022 ജീവനക്കാരാണ് സ്വകാര്യ ബാങ്കുകള്‍ക്കുണ്ടായിരുന്നത്. 2021–22ല്‍ ഇത് 3,57,346 ആയി. എന്നാല്‍ പല ബാങ്കുകളും വെബ്സൈറ്റില്‍ ജീവനക്കാരുടെ എണ്ണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 2021ല്‍ 8,07,048 ആയിരുന്നത് 2022ല്‍ 7,94,040 ആയി.

വിവിധ ബാങ്കുകള്‍ ലയിച്ചതും സ്വകാര്യവല്‍ക്കരണം നടത്തിയതും ജീവനക്കാരുടെയും ബ്രാഞ്ചുകളുടേയും എണ്ണം കുറയാന്‍ കാരണമായതായി എഐബിഇഎ ചൂണ്ടിക്കാണിക്കുന്നു. വിരമിക്കുന്ന തസ്തികകളിലേക്ക് പുതിയ നിയമനം നടത്താത്തതും ജീവനക്കാരുടെ എണ്ണക്കുറവിന് കാരണമായി. വര്‍ധിച്ചുവരുന്ന നിഷ്ക്രിയ ആസ്തികള്‍ മൂലം2020- 21 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ഏറെ പ്രതിസന്ധിയിലായിരുന്നു.

ഇത്തരം നിഷ്ക്രിയ ആസ്തിയുടെ ഭൂരിഭാഗവും കോര്‍പറേറ്റുകളുടെതായിരുന്നു. ഈ അനിശ്ചിതത്വങ്ങളുടെ ഇടയിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും പ്രവര്‍ത്തനലാഭം നേടുകയും ചെയ്തുവെന്ന് സി എച്ച് വെങ്കിടാചലം പറഞ്ഞു.

21 സര്‍ക്കാര്‍ ബാങ്കുകള്‍ ചേര്‍ന്ന് നടത്തിയ ആകെ ഇടപാടുകള്‍ (നിക്ഷേപവും വായ്പയും) 1.81 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1.66 ലക്ഷം കോടിയായിരുന്നു. 21 സ്വകാര്യ ബാങ്കുകള്‍ 2021 ലെ സാമ്പത്തിക വര്‍ഷം 0.95 ലക്ഷം കോടി രൂപയുടെ വ്യാപാരം നടത്തി. 0.83 ലക്ഷം കോടിയായിരുന്നു മുന്‍വര്‍ഷം.

Eng­lish summary;Public sec­tor banks closed 4,299 branch­es in two years

You may also like this video;

Exit mobile version