ഇടുക്കി ജില്ലയുടെ നിലനില്പിനെത്തന്നെ ബാധിച്ചിരുന്ന ഭൂനിയമങ്ങൾ ഭേദഗതി വരുത്തുവാനുള്ള ബില്ലിനെ എതിർത്തുകൊണ്ട് നിയമസഭയിൽ കോൺഗ്രസ് പ്രതിനിധി മാത്യു കുഴൽ നാടൻ എംഎൽഎ ബില്ല് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് ഇടുക്കിയിലെ കർഷക ജനതയോടുള്ള യുഡിഎഫിന്റെ ജന വഞ്ചനയെയാണ് തുറന്ന് കാണിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.
കൃഷിക്കാരുടെ പേരിൽ കണ്ണീർ ഒഴുക്കിയവർ നാളിതുവരെ നടത്തിയതും പറഞ്ഞതും വെറും തട്ടിപ്പായിരുന്നുവെന്ന് ഇടുക്കിയിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇടുക്കിയിൽ എൽഡിഎഫ് ഗവൺമെന്റിന് എതിരെ തുടർ സമരങ്ങളും വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയ യുഡിഎഫ് നേതാക്കൾ ഇടുക്കിയിലെ കൃഷിക്കാരോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയത്തിന്റെ അന്തസ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂനിയമ ഭേദഗതി ബിൽ കൃഷിക്കാർക്കുള്ള ഓണ സമ്മാനമാണ്. കൃഷി ആവശ്യത്തിനും വീട് നിർമ്മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയിൽ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയാണ് ബിൽ വഴി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം നൽകുന്ന വ്യവസ്ഥകൾകൂടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സലിംകുമാർ വ്യക്തമാക്കി. ഭൂനിയമ ഭേദഗതി നടപ്പിലാക്കണമെന്ന വർഷങ്ങൾ നീണ്ട ജനങ്ങളുടെ ആവശ്യം സാധ്യമാക്കിയ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും അഭിവാദ്യങ്ങൾ നേരുന്നതായും സലിംകുമാർ അറിയിച്ചു.
English Summary: Public understands UDF’s hypocrisy: K Salim Kumar
You may also like this video