ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഭൗതികശരീരം അവസാനമായി കാണാൻ വത്തിക്കാനിലേക്ക് ലോകനേതാക്കളടക്കം എത്തിക്കൊണ്ടിരുന്നത്. ഏകദേശം നൂറിലധികം ലോകനേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,00,000ത്തിലധികം വിശ്വാസികളും സെന്റ് പീറ്റേഴ്സിൽ ഇന്ന് നടക്കുന്ന സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി ഇന്നലെ രാത്രി കാമർലെംഗോ കര്‍ദിനാള്‍ കെവിൻ ഫാരെലെ സീല്‍ ചെയ്തു. ഇന്നലെ വൈകുന്നേരം വരെ പൊതുജനങ്ങൾക്ക് കാണാനും പ്രാർത്ഥിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അവസരമുണ്ടായിരുന്നു. ഇതോടെ പൊതുദർശനം അവസാനിച്ചു.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തിൽ സംസ്കാര ദിവ്യബലി ആരംഭിക്കും. കർദിനാൾ സംഘത്തിന്റെ തലവൻ കർദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാർമ്മികനായിരിക്കും. വിശുദ്ധ കുർബാനയുടെ അവസാനം അന്തിമോപചാര ശുശ്രൂഷ നടക്കും. പിന്നാലെ ഫ്രാൻസീസ് പാപ്പയുടെ ഭൗതികദേഹം അടങ്ങിയ മഞ്ചം കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോകും.

