Site iconSite icon Janayugom Online

പുതുപ്പള്ളി: ബിജെപിക്ക് വോട്ട് ചോര്‍ച്ച, കെട്ടിവച്ച പണവും പോയി; രാഷ്ട്രീയ വിജയമല്ലെന്ന് ജെയ്ക് സി തോമസ്

രാഷ്ട്രീയ അതികായനായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനുപിന്നാലെ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ സഹതാപതരംഗമല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. 80144 ലീഡ് നേടി ചാണ്ടി ഉമ്മന്‍ വിജയിച്ചപ്പോള്‍ വോട്ട് ചോര്‍ച്ചയില്‍ അങ്കലാപ്പിലാണ് ബിജെപി. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള 6558 ആയി കുറഞ്ഞതാണ് ബിജെപിയില്‍ ഞെട്ടലുളവാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗം മാത്രമാണ് പുതുപ്പള്ളിയില്‍ കാണാനായത്. വികസനം എടുത്തുകാട്ടാന്‍ യാതൊന്നുമില്ലാത്ത പുതുപ്പള്ളിയിലെ യുഡിഎഫിന്റെ വിജയം, ചാണ്ടി ഉമ്മന്റെ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വോട്ട് ചെയ്തവര്‍ക്കുപോലും ആശങ്കയില്ലാതില്ല എന്നാണ് വിലയിരുത്തലുകള്‍. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ൽ‌ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ. ഇടതുപക്ഷത്തിന്റെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. ഇപ്രാവശ്യം ഇത്രയും വോട്ട്‌ ലഭിച്ചത്‌ എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണെന്നും പാര്‍ട്ടി വിലയിരുത്തി.

അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന്‌ സി പിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സഹതാപമാണ് യുഡിഎഫ്‌ വിജയത്തിന്‌ അടിസ്ഥാനമായത്. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്‌ നേടാനായി. പുതുപ്പള്ളിയിൽ ബിജെപിക്ക്‌ വലിയ രീതിയിലുള്ള വോട്ട്‌ ചോർച്ചയാണ് ഉണ്ടായത്. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ട്‌ യുഡിഎഫിന്‌ പോയിട്ടുണ്ട്‌. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ വിലയിരുത്തലുകൾ നടത്തി ഫലപ്രദമായ കാഴ്‌ചപ്പാടുകൾ എല്‍ഡിഎഫ് രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെ മരണത്തെ തുടർന്ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹതാപം സ്വാഭാവികമാണ്‌. വലിയ അവകാശവാദങ്ങൾ എൽഡിഎഫ്‌ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ല. സർക്കാരിനെതിരായ വികാരമല്ല തെരഞ്ഞെടുപ്പ്‌ ഫലം. എല്ലാത്തിനും മുകളിൽ സഹതാപമാണ്‌. എൽഡിഎഫിന്‌ എല്ലാ വിഭാഗത്തിന്റേയും വോട്ട്‌ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

53 വർഷം ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ജയിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന ചാണ്ടിയുടെ പ്രസ്‌താവന ശരിയാണ്‌. വളരെ മാന്യമായാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ്‌ നൽകുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: Pudu­pal­ly: Vote leak­age to BJP, mon­ey tied up is also gone; Jake C. Thomas says it’s not a polit­i­cal victory

You may also like this video

Exit mobile version