അഞ്ച് വയസിന് താഴെയുള്ള 1,88,965 കുട്ടികൾക്ക് പൾസ് പോളിയോ വിതരണം ഇന്ന് നടക്കും. ഇതിനായി ജില്ലയിൽ 2,415 ബൂത്തുകൾ സജ്ജമാക്കി. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,357 ബൂത്തുകളും ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 46 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 12 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ച് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേ ഷനുകൾ, ബസ് സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്നും എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നൽകുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

