മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പുനർഗേഹം പദ്ധതി വഴി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന 1,136 ഫ്ലാറ്റുകളുടെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയിലൂടെ ഇതുവരെ 5142 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി. കൂടുതൽ ഫ്ലാറ്റുകൾ തിരുവനന്തപുരം ജില്ലയിലാണ്. 592 എണ്ണം. ഫ്ലാറ്റുകളിലേയ്ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ജില്ലാകളക്ടർ ചെയർമാനായും ജനപ്രതിനിധികൾ അംഗങ്ങളുമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇതിനകം സംസ്ഥാനത്ത് 390 ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറി. ബാക്കിയുള്ളവ വ്യക്തിഗത ഭവനങ്ങളാണ്.
തീരദേശ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുരധിവസിപ്പിക്കാനാണ് 2019ലാണ് പുനർഗേഹം പദ്ധതി നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പ് 2018ൽ നടത്തിയ സർവേയിൽ 21,913 കുടുംബങ്ങൾ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ 8,675 കുടുംബങ്ങളാണ് പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ തയ്യാറായത്. 4,334 കുടുംബങ്ങൾ ഭൂമി കണ്ടെത്തി അംഗീകാരം നേടി. ഇതിൽ 3,740 കുടുംബങ്ങൾ ഭൂമി രജിസ്റ്റർ ചെയ്തു. 2361 കുടുംബങ്ങൾ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. 756 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
സ്വന്തം നിലയിൽ 2 മുതൽ 3 സെന്റ് വരെ ഭൂമി വാങ്ങി ഭവനം നിർമ്മിക്കാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങുവാനും ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ലാറ്റ് നിർമ്മിക്കുവാനും ഈ പദ്ധതി വഴി സഹായം നൽകും. ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതോടെ കൂടുതൽ കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതി പ്രയോജനപ്പെടും. 66 പഞ്ചായത്തുകളിൽ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ വിട്ട് വീട് നിർമിക്കാം. നേരത്തെ 200 മീറ്റർ മാറിയാണ് നിർമ്മാണം അനുവദിച്ചിരുന്നത്.