Site iconSite icon Janayugom Online

പുനർജനിയുടെ കൈത്തോട്

ആമയിഴഞ്ചാൻ തോട്
സ്വർഗത്തിലേക്കുള്ള
അഴുക്കുപാത
കല്ലും മുള്ളും
പ്ലാസ്റ്റിക്കും
കുപ്പിയും
മലമൂത്ര‑രാസ,സമ്മിശ്രണങ്ങളും
ദുർഗന്ധം വമിക്കും മരണപ്പത
ഒറ്റമുറിയുടെ പുകയടുപ്പിൽ
ഇത്തിരിക്കഞ്ഞിക്ക്
വെള്ളം തിളപ്പിക്കാൻ
പട്ടിണിപ്പാവങ്ങൾ
മറവരും കുറവരും
ചിലനേരമെങ്കിലും
നായരും നാടാനും
വേടനും കുറുമനും
മുക്കുവോരും
മൂക്കു പൊത്തി
ഓടകോരാനിറങ്ങും
മാനത്ത് മഴ കനം തൂങ്ങവേ
നഗരം സാഗരമാകും
നിറുത്താതെ
പെയ്യുന്ന കണ്ണീർ
മഴയിൽ
ഓട കോരാൻ
വീടുവിട്ടിറങ്ങിയ
ഒരുവൻ
തെരുവിൽ
കീറത്തുണിത്തണുപ്പിൽ
മുഖം പൊത്തിക്കിടന്നു
ഇന്നലെയുമമ്മ അവനോട്
പറഞ്ഞതാണ്
‘ഈ പണി വേണ്ടെന്ന്’
എങ്കിലും
നമുക്കിതല്ലേ
വരുമാന മാർഗം
ഇന്നിതാ
നഗരപാതയ്ക്കരുകിൽ
തണുപ്പ് പുതച്ച്
അവൻ
ഉറങ്ങുന്നു
ആമയിഴഞ്ചാൻ തോട്
സ്വർഗത്തിലേക്കുള്ള
ഒഴുക്കുപാതയാണ്

Exit mobile version