Site iconSite icon Janayugom Online

കര്‍ഷകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വേഷണം പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എഡിജിപി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. എഡിജിപിമാരുടെ പേര് നിര്‍ദേശിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

പ്രതിഷേധക്കാര്‍ക്ക് നേരെ ഏത് തരത്തിലുള്ള ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് ഉപയോഗിച്ചതെന്ന് ഹൈക്കോടതി പഞ്ചാബ് സര്‍ക്കാരിനോട് ചോദിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും കോടതി അറിയിച്ചു. ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ഫെബ്രുവരി 21നാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍വച്ച് കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്. തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയില്‍ രണ്ട് മുറിവുകളുണ്ട്. മെറ്റല്‍ പെല്ലറ്റുകളും കണ്ടെത്തി. വെടികൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിളകൾക്ക് മിനിമം താങ്ങുവില നൽകുക എന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് ഇന്നലെ 24-ാം ദിവസത്തിലെത്തി. ഡൽഹിയിലേക്ക് പോകുന്നതിനായി പഞ്ചാബിലെ കർഷകർ കഴിഞ്ഞ മാസം മുതൽ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ തുടരുകയാണ്. ബസ്, ട്രെയിന്‍ മാര്‍ഗങ്ങളിലായി ഡല്‍ഹിയിലെത്താനുള്ള കര്‍ഷകരുടെ ശ്രമത്തെയും പൊലീസ് തടയുന്നുണ്ട്. സമരത്തെ അടിച്ചമര്‍ത്താനുള്ള നടപടികളിലൂടെ സര്‍ക്കാരുകളുടെ യഥാർഥ മുഖമാണ് തുറന്നുകാട്ടപ്പെടുന്നതെന്ന് ശംഭു അതിർത്തിയിലെ വേദിയിൽ കർഷക നേതാക്കൾ ആരോപിച്ചു.

Eng­lish Sum­ma­ry: Pun­jab-Haryana High Court orders judi­cial inquiry into farmer’s death
You may also like this video

Exit mobile version