Site iconSite icon Janayugom Online

പുന്നപ്ര — വയലാര്‍ വാര്‍ഷിക വാരാചരണത്തിന് ഉജ്വല തുടക്കം; വയലാറിലും മേനാശേരിയിലും ഇന്ന് കൊടിയുയരും

സര്‍ സിപിയുടെ ഭ്രാന്തന്‍ കല്പനകള്‍ക്കും ചോറ്റുപട്ടാളത്തിന്റെ നിറതോക്കുകള്‍ക്കും മുന്നില്‍ അടിപതറാതെ രക്തപുഷ്പങ്ങളായ സഖാക്കള്‍ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് 79-ാമത് പുന്നപ്ര — വയലാര്‍ വാര്‍ഷിക വാരാചരണത്തിന് പ്രൗഢോജ്വല തുടക്കം. രണാങ്കണങ്ങളില്‍ ഇന്നലെ ചെങ്കൊടിയുയര്‍ന്നു. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതൃത്വത്തിലാണ് വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പുന്നപ്ര — വയലാര്‍ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ സമരസേനാനി പി കെ മേദിനി പതാക ഉയര്‍ത്തി. സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനായി. ആര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ പതാക ഉയര്‍ത്തി. സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ പി എച്ച് ബാബു അധ്യക്ഷത വഹിച്ചു. എ പി ഗുരുലാല്‍ സ്വാഗതം പറഞ്ഞു. പി ജി സൈറസ് നന്ദി പറഞ്ഞു. ‘അട്ടിമറിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം’ എന്ന സെമിനാർ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. എച്ച് സലാം എംഎല്‍എ അധ്യക്ഷനായി. സി വാമദേവ് സ്വാഗതം പറഞ്ഞു. 

സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽ റോയ് അധ്യക്ഷനായി. സെക്രട്ടറി ബി സലിം സ്വാഗതം പറഞ്ഞു. വയലാറിലേക്കുള്ള രക്തപതാകാ പ്രയാണം മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഉത്തമന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം സി സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10ന് ധീര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിലേക്ക് ജാഥ പ്രയാണം ആരംഭിക്കും. രാവിലെ 11ന് സിപിഐ (എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയര്‍ത്തും. സമ്മേളനത്തില്‍ എം സി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിക്കും. മേനാശേരിയില്‍ വൈകിട്ട് ആറിന് മുതിര്‍ന്ന നേതാവ് എന്‍ ജി രാജന്‍ പതാക ഉയര്‍ത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിക്കും. 

Exit mobile version