Site iconSite icon Janayugom Online

പുന്നപ്ര‑വയലാർ വാരാചരണത്തിന് പ്രൗഢോജ്വല തുടക്കം

Punnapra vayalarPunnapra vayalar

സർ സിപിയുടെ ഭ്രാന്തൻ കല്പനകൾക്കും ചോറ്റുപട്ടാളത്തിന്റെ നിറ തോക്കുകൾക്കും മുന്നിൽ രക്തപുഷ്പങ്ങളായ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് 78-ാമത് പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് പ്രൗഢോജ്വല തുടക്കം. ഒരു നല്ലനാളേക്കായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ സ്മരണകൾ അന്ത്യംവരെയും ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച് രണാങ്കണങ്ങളിൽ ചെങ്കൊടിയുയർന്നു. 

ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിലാണ് വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പുന്നപ്ര‑വയലാർ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തി. തുടര്‍ന്ന് നടന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനായി. ടി ജെ ആഞ്ചലോസ്, കെ അനില്‍കുമാര്‍, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, കെ കെ ജയമ്മ, ആര്‍ അനില്‍കുമാര്‍, ആര്‍ സുരേഷ്, അജയ് സുധീന്ദ്രന്‍, പി കെ സദാശിവന്‍പിള്ള, പി പി പവനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി കെ ബൈജു സ്വാഗതം പറഞ്ഞു.
സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ(എം) ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയർത്തി. തുടർന്ന് നടന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനായി. ജി വേണുഗോപാല്‍, പി വി സത്യനേശൻ, പി പി ചിത്തരഞ്ജന്‍, ദീപ്തി അജയകുമാര്‍, വി ജി മോഹനന്‍, ആർ ജയസിംഹൻ, പ്രഭാമധു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറ‌ഞ്ഞു.

പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ പതാക ഉയർത്തി. സി എച്ച് കണാരൻ അനുസ്മരണത്തിൽ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ സംസാരിച്ചു. കെ എം ജുനൈദ് അധ്യക്ഷനായി. പി ജി സൈറസ് സ്വാഗതം പറഞ്ഞു. ‘പുന്നപ്ര വയലാറിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. മൈക്കിൾ സെബാസ്റ്റ്യൻ അധ്യക്ഷനായി. വി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക ഇന്നലെ മേനാശ്ശേരിയിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അംഗം എം കെ ഉത്തമന് കൈമാറി. മുൻ എംപി എ എം ആരിഫ്, ദലീമ ജോജോ എംഎൽഎ, എൻ എസ് ശിവപ്രസാദ്, എം സി സിദ്ധാർത്ഥൻ, ബി വിനോദ്, എ പി പ്രകാശൻ എന്നിവർ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ ഒറ്റപ്പുന്നയിൽ സമാപിച്ചു. തുടർന്ന് നടന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. കെ എസ് ബാബു അധ്യക്ഷത വഹിച്ചു. എ എം ആരീഫ്, ഡി സുരേഷ് ബാബു, എം കെ ഉത്തമൻ എന്നിവര്‍ സംസാരിച്ചു. പി ആർ റോയ് സ്വാഗതം പറഞ്ഞു.
നാളെ രാവിലെ 10ന് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിലേക്ക് പതാക ജാഥ പ്രയാണമാരംഭിക്കും. 11ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ അധ്യക്ഷത വഹിക്കും. സി എസ് സുജാത, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, ടി ടി ജിസ്‌മോൻ, കെ പ്രസാദ്, പി വി സത്യനേശൻ എന്നിവർ സംസാരിക്കും. മേനാശേരിയില്‍ ഇന്ന് വൈകിട്ട് ആറിന് മുതിര്‍ന്ന നേതാവ് എന്‍ ജി രാജന്‍ പതാക ഉയര്‍ത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിക്കും. 

Exit mobile version