Site iconSite icon Janayugom Online

അനന്തപുരിയിൽ പൂരത്തിന് തിരിതെളിഞ്ഞു; അഞ്ചുനാൾ ഇനി കലയുടെ മാമാങ്കം

എംടി-നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ കലാപൂരത്തിന് തിരിതെളിഞ്ഞു. അനന്തപുരിയിൽ ഇനി അഞ്ചുനാൾ കലയുടെ മാമാങ്കം.
ഉദ്‌ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ജി ആര്‍.അനില്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എംടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍ രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കലാമണ്ഡലം അണിയിച്ചൊരുക്കിയ അവതരണ ശില്‍പത്തോടെയാണ് വേദികള്‍ ഉണര്‍ന്നത്. 24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുക. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായെത്തുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘനൃത്തവും അവതരിപ്പിക്കും. നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍നിന്നായി പതിനായിരത്തിനു മുകളില്‍ പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനെത്തുന്നത്. വിവിധ ജില്ലകളില്‍നിന്ന് ഓണ്‍ലൈനായി ഏകദേശം 700 രജിസ്ട്രേഷനുകള്‍ ഇന്നലെ വൈകുന്നേരംവരെ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version