Site iconSite icon Janayugom Online

പുരപ്പുറ സൗരോർജ്ജ പദ്ധതി: എറണാകുളത്തിന് മുന്നേറ്റം

കൊച്ചി: പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സോളാർ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങൾ എറണാകുളം ജില്ലയിൽ. നിലവിൽ 160 ചെറുതും വലുതുമായ സോളാർ വൈദ്യുതി യൂണിറ്റുകളാണ് എറണാകുളം ജില്ലയിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. ഇതിൽ 142 യൂണിറ്റുകൾ കമ്മീഷൻ ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവ ഈ മാസത്തിനുളളിൽ തന്നെ കമ്മിഷൻ ചെയ്ത് ഉപഭോക്താക്കൾക്ക് കൈമാറും.

വൈദ്യുതി ഉല്പാദന മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ കേരള ഇലക്ട്രിറ്റി ബോർഡ് മുന്നോട്ടുവയ്ക്കുന്നത്. നേരത്തെ പൂർത്തിയാക്കേണ്ട പദ്ധതി പക്ഷെ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസങ്ങളിലാണ് കൂടുതൽ കേന്ദ്രങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ചത്.

എറണാകുളം കാഞ്ഞിരമറ്റത്തെ സ്വകാര്യ വിദ്യാലയത്തിൽ 85 കിലോവാട്ട് ഉല്പാദന ശേഷിയുള്ള സോളാർ പാനലുകൾ സ്ഥാപിച്ചുകഴിഞ്ഞു. സ്കൂളിന് ആവശ്യമായി വരുന്ന വൈദ്യുതി പൂർണമായും സോളാറിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിന് പുറമേ തൃപ്പൂണിത്തുറ ആർഎൽവി കോളജ് അടക്കമുള്ള ചില വിദ്യാഭ്യാസ കേന്ദ്രങ്ങളും സോളാർ എനർജിയിലേയ്ക്ക് മാറ്റപ്പെട്ടുകഴിഞ്ഞു.

പദ്ധതിയിൽപ്പെടുത്തി ഗാർഹിക കാർഷിക ഉപഭോക്താക്കൾക്ക് 150 മെഗാവാട്ട്, സർക്കാർ കെട്ടിടങ്ങൾക്ക് 100, ഗാർഹികേതര, സർക്കാർ ഇതര സ്ഥാപനങ്ങൾക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ ഉപഭോക്താവിനും വൈവിധ്യമാർന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെഎസ്ഇബിയുടെ ചെലവിൽ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമയ്ക്ക് നൽകും. കൂടാതെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ദീർഘകാലത്തേക്ക് നിശ്ചിത നിരക്കിൽ കെട്ടിടമുടമയ്ക്ക് നൽകും. നിലയത്തിന്റെ പരിപാലനം 25 വർഷത്തേക്ക് കെഎസ്ഇബി നിർവഹിക്കും.

രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ സൗരനിലയം സ്ഥാപിച്ചു നൽകുന്നതാണ്. ഇതിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിത നിരക്കിൽ കെഎസ്ഇബി വാങ്ങും. കൂടാതെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും സംരംഭകന് ആവശ്യമെങ്കിൽ ഉപയോഗിക്കാം. സൗരനിലയം ഉപഭോക്താവിന്റെ വീടിന്റെ മേൽക്കൂരയിലോ ഭൂമിയിലോ സ്ഥാപിച്ച് നൽകും. സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. ഇതിൽ നിന്നും രണ്ടുകിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. 200 ചതുരശ്ര അടി സോളാർ പാനൽ സ്ഥാപിക്കുന്നതിന് 1.30 ലക്ഷം രൂപ മാത്രമാണ് കെഎസ്ഇബി ഈടാക്കുന്നത്.

ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊർജസുരക്ഷ ഉറപ്പാക്കാനാണ് നാടിന് ഊർജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ ‘പുരപ്പുറ സൗരോർജ പദ്ധതി‘ക്ക് കെഎസ്ഇബി തുടക്കം കുറിച്ചിരിക്കുന്നത്.

eng­lish sum­ma­ry; Purap­pu­ra Solar Pow­er Project: Advances to Ernakulam

you may also like this video;

Exit mobile version