ട്രെയിൻ യാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിക്കാത്തതിൽ രോഷാകുലയായ യുവതി എസി കോച്ചിന്റെ ജനൽച്ചില്ല് തല്ലിത്തകര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ ചെറിയ ക്ലിപ്പിൽ, മാനസികമായി സംഘര്‍ഷത്തിലായ യുവതി ജനൽച്ചില്ല് തല്ലിത്തകർക്കുകയായിരുന്നു. സഹയാത്രികർ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ചെവിക്കൊണ്ടില്ല.
യാത്രയ്ക്കിടെ യുവതിയുടെ പഴ്‌സ് മോഷണം പോയിരുന്നു. റെയിൽവേ ജീവനക്കാരിൽ നിന്നും അധികാരികളിൽ നിന്നും സഹായം ലഭിക്കാത്തതിൽ രോഷാകുലയായാണ് യുവതി ട്രെയിൻ്റെ ജനൽച്ചില്ല് തല്ലിത്തകർത്ത് പ്രതിഷേധിച്ചു. യുവതി ജനൽച്ചില്ല് തല്ലിത്തകർത്തപ്പോൾ ഗ്ലാസ് ചില്ലുകൾ കോച്ചിനുള്ളിൽ ചിതറിത്തെറിച്ചു. പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാർ ഞെട്ടലോടെയാണ് രംഗം കണ്ടുനിന്നത്. ഈ സമയത്ത് യുവതിയുടെ തൊട്ടടുത്ത് ചെറിയ കുഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

