Site iconSite icon Janayugom Online

‘പുഷ്പ 2’ ഇന്ന് തീയേറ്ററുകളിലേക്ക് ; പ്രീമിയർ ഷോയ്‌ക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് യുവതിക്ക് ദാരുണാന്ത്യം

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അല്ലുഅർജുൻ നായകനായ പുഷ്പ 2 ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. ഇന്നലെ പലയിടങ്ങളിലായി സിനിമയുടെ പെയ്ഡ് പ്രിവ്യു ഷോകൾ നടന്നിരുന്നു. ഇതിന്റെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് ​ഗുരുതര പരിക്കേറ്റത്.

പ്രിവ്യു ഷോകളിലൂടെ തന്നെ സിനിമ എട്ട് കോടിയിലധികം രൂപയാണ് നേടിയത്. വളരെ ചുരുക്കം തിയേറ്ററുകളിൽ മാത്രമായിരുന്നു ഷോകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങുന്നത് . തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്. ട്രെൻഡുകൾ നോക്കുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപണിങ് തന്നെ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. 

ബാഹുബലി 2ന്റെ റെക്കോ‍ഡുകൾ തിരുത്തിക്കുറിച്ച് ലോകമെമ്പാടുമായി 230 കോടി മുതൽ 250 കോടി രൂപ വരെ ആദ്യദിനത്തിൽ പുഷ്പ നേടുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, കേരളത്തിൽ ചിത്രത്തിന്റെ ഫാൻ ഷോ തുടങ്ങിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളോട് സിനിമ പ്രദർശനം തുടരുകയാണ്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്സ് സ്‌ക്രീനിലടക്കം വമ്പൻ റിലീസായി ആണ് എത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് സിനിമയെ ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയ്‌ലർ എത്തിയിരുന്നത്. 

Exit mobile version