Site iconSite icon Janayugom Online

പുഷ്പന്‍ ഇനി ജ്വലിക്കുന്ന സ്മരണ

കൂത്തുപറമ്പിലെ ആ അഞ്ചു രക്തസാക്ഷികൾക്കൊപ്പം ഇനി പുഷ്പനും ജ്വലിക്കുന്ന ഓർമ്മ. പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു. വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട്‌ ജീവിതത്തോട്‌ പൊരുതിയ പുഷ്പന്റെ മൃതദേഹം കോഴിക്കോട് നിന്നും വിലാപയാത്രയായാണ് ചൊക്ലിയിലെത്തിച്ചത്. കോഴിക്കോടും കണ്ണൂരിലുമായി നടത്തിയ പൊതുദർശനങ്ങളിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി ആയിരങ്ങളാണ് എത്തിയത്. നേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവരെല്ലാം ആദരാഞ്ജലി നേർന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽനിന്ന് ഏറ്റുവാങ്ങിയ പുഷ്പന്റെ ചേതനയറ്റ ശരീരം ശനിയാഴ്ച സന്ധ്യക്കാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസായ യൂത്ത്‌ സെന്ററിലെത്തിച്ചത്. 

ഇന്ന് രാവിലെ എട്ടിന് കോഴിക്കോടുനിന്നും വിലാപയാത്ര പുറപ്പെട്ടു. എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹിപാലം, പുന്നോൽ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം പത്തരയോടെ കണ്ണൂരിലെത്തി. തുടർന്ന് തലശേരി ടൗൺ ഹാൾ, കൂത്തുപറമ്പ്, പാനൂർ, പൂക്കോം, രജിസ്ട്രാഫിസ്, ചൊക്ലി രാമവിലാസം സ്കൂളിൽ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. 

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സി എൻ ചന്ദ്രൻ, സി പി ഷൈജൻ, എഐവൈഎഫ് സംസ്ഥാന പ്രസി‍ഡന്റ് എൻ അരുൺ, ഡിവൈഎഫ്ഐ പ്രസിഡന്റ്‌ എ എ റഹീം എംപി, സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സെക്രട്ടറി വി കെ സനോജ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ, എം വി ജയരാജൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങി നിരവധി നേതാക്കളും ആദരാഞ്ജലികളർപ്പിച്ചു.

Exit mobile version