പണം നൽകി വാങ്ങിയ വസ്തുവിൽ വീട് വയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. പുതുപ്പള്ളി എരമല്ലൂർ സ്വദേശിനിയായ വിധവയായ വീട്ടമ്മയാണ് ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പുതുപ്പള്ലി പെരുമ്പുഴക്കുന്നേൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ തങ്കമ്മ 2018ലാണ് പുതുപ്പള്ളി വാര്യത്ത് പത്മിനിയുടെ കൈവശം നിന്ന് മൂന്ന് സെന്റ് സ്ഥലം പണംകൊടുത്ത് വാങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച തങ്കമ്മ വീട്ടുവേലയ്ക്ക് പോയാണ് രണ്ട് മക്കളെ വളർത്തിയത്. മകളുടെ കല്യാണ ആവശ്യത്തിനായി ഉണ്ടായിരുന്ന ചെറിയ വീടും പറമ്പും വിറ്റു. വിവാഹം കഴിഞ്ഞതോടെ താമസ സ്ഥലം ഇല്ലാതിരുന്ന മകൻ തൃശൂരിൽ ഭാര്യവീട്ടിലേക്കും താമസം മാറി. പലയിടത്തും ഹോസ്റ്റലിലും ജോലിക്ക് നിന്നിരുന്ന വീടുകളിലുമാണ് തങ്കമ്മ അന്തിയുറങ്ങിയിരുന്നത്. ഇതിനിടെജോലി ചെയ്ത് കിട്ടിയിരുന്ന ചെറിയ തുകകൾ കൂട്ടിവച്ചാണ് ഇവർ ഇത്തിരി സ്ഥലം വാങ്ങിയത്. അന്ന് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന് തങ്കമ്മ പറയുന്നു. സ്ഥലത്തിന്റെ ഉടമസ്ഥയായ പത്മിനിയും കുടുംബവും മുമ്പ് എരമല്ലൂർ തൃക്കയിൽ ക്ഷേത്രത്തിലെ കഴകം ജോലികളാണ് ചെയ്തുവന്നിരുന്നത്. ഇവരുടെ ഭർത്താവ് രാമകൃഷ്ണവാര്യരുടെ മാതൃസഹോദരൻ ശങ്കരവാര്യരുടെ പേരിലായിരുന്നു ക്ഷേത്രത്തിന്റെയും പ്രദേശത്തെയും ഭൂമിയുടെ പട്ടയം. ഇതിൽ കുടുംബാവകാശമായി കിട്ടിയ 33 സെന്റ് പട്ടയഭൂമി പിന്നീട് കൈമാറ്റം ചെയ്ത് രാമകൃഷ്ണ വാര്യർക്ക് ലഭിച്ചു. ഇദ്ദേഹം മരിക്കും മുമ്പ് പത്മിനിക്ക് ഇത് രേഖാമൂലം കൈമാറ്റം ചെയ്യുകയും ചെയ്തു. മക്കളോ മറ്റ് പറയത്തക്ക ബന്ധുക്കളോ ഇല്ലാതിരുന്ന പത്മിനി ഈ സ്ഥലത്തെ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീട്ടിൽ തന്നയാണ് താമസവും. ക്ഷേത്രത്തിലെ കമ്മറ്റിക്കാരിൽ ചിലരുടെ ഇടപെടലിനെ തുടർന്ന് ഇവിടുത്തെ കഴകം ജോലി ഇല്ലാതെയായി. മറ്റ് വരുമാന മാർഗ്ഗം ഇല്ലാതെ വന്നതോടെയാണ് പത്മിനി തങ്കമ്മയ്ക്ക് 3 സെന്റ് സ്ഥലം വിൽക്കുന്നത്. എന്നാൽ, സ്ഥലം കൈമാറ്റം അറിഞ്ഞതോടെ അന്യായമായി ഭൂമി കൈമാറ്റം ചെയ്തുവെന്ന് ആരോപിച്ച് ചില കമ്മറ്റിയംഗങ്ങൾ രംഗത്തെത്തിയതോടെ സ്ഥലം വാങ്ങിയ തങ്കമ്മയ്ക്കും ഇവിടെ തലചായ്ക്കാൻ ഒരു ഷെഡ് പോലും വയ്ക്കാനാവാത്ത സ്ഥിതിയാണ്. സ്ഥലം അമ്പലം വകയാണെന്നാണ് കമ്മറ്റി അംഗങ്ങൾ എന്ന് പറയുന്നവരുടെ അവകാശവാദം. എന്നാൽ സ്ഥലം രേഖാമൂലം രാമകൃഷ്ണവാര്യർ കൈമാറ്റം ചെയ്തുനൽകിയതിന്റെ രേഖകൾ പത്മിനിയുടെ കൈവശവും ഉണ്ട്. കോവിഡിന്റെ വരവോടെ ഹോസ്റ്റലിലെ പണികൾ ഇല്ലാതെ വന്നതോടെ തലചായ്ക്കാൻ വേറെ ഇടമില്ലാത്ത തങ്കമ്മയും ഇപ്പോൾ സ്ഥലമുടമയായ പത്മിനിയുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇതോടെയാണ് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ താൽക്കാലിക ഷെഡ് കെട്ടി താമസിക്കാൻ തങ്കമ്മ ഒരുങ്ങുന്നത്. ഇതിനായി പഞ്ചായത്തിൽ നിന്നും പെർമിറ്റും എടുത്തു. തുടർന്ന് സ്ഥലം വൃത്തിയാക്കി വാനം മാന്തി തറയ്ക്ക് കട്ടകെട്ടി തുടങ്ങിയപ്പോഴാണ് കമ്മറ്റിയംഗങ്ങൾ എന്ന് പരിചയപ്പെടുത്തിയ പരിചയമില്ലാത്ത ചിലർ സ്ഥലത്തെത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരെ ഭീഷണിപ്പെടുത്തി ഇവർ ഓടിച്ചു. സംഘർഷം ഉടലെടുത്തതോടെ പൊലീസും സ്ഥലത്തെത്തി. എന്നാൽ സ്ഥലം സംബന്ധിച്ച രേഖകൾ കാണിച്ചതോടെ പൊലീസും മടങ്ങി. തുടർന്നും പലവട്ടം ഈ സംഘമെത്തി ഭീഷണി തുടർന്നതോടെയാണ് തങ്കമ്മ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. തങ്കമ്മയെ പത്മിനിയുടെ വീട്ടിൽ അന്തിയുറങ്ങാൻ പോലും അനുവദിക്കില്ലെന്നാണ് കമ്മറ്റി അംഗങ്ങളുടെ നിലപാട്. സ്ഥലം തിരികെയെടുത്ത് പണം നൽകാനുള്ള സാമ്പത്തിക ശേഷി രോഗിയും അനാഥയുമായ പത്മിനിക്കും ഇല്ല. അതിനാൽ സ്വന്തം സ്ഥലത്ത് മഴക്കാലത്തിന് മുമ്പായി ഒറ്റമുറി താമസ സ്ഥലമൊരുക്കാൻ വേണ്ട സഹായം നൽകണമെന്നാണ് തങ്കമ്മയുടെ ആവശ്യം.