Site icon Janayugom Online

രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി പുടിൻ

ഉക്രെയ‍്നുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യുഎസും റഷ്യയും തമ്മിലുള്ള പ്രധാന ആയുധ നിയന്ത്രണ ഉടമ്പടിയായ സ്ട്രാറ്റെജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി (സ്റ്റാര്‍ട്ട്) പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും പുടിന്‍ പ്രഖ്യാപിച്ചു. റഷ്യയുടെ പ്രതിരോധ മന്ത്രാലയവും ആണവ കോർപറേഷനും ആവശ്യമെങ്കിൽ ആണവായുധങ്ങൾ പരീക്ഷിക്കാൻ തയ്യാറാകണം. യുഎസ് ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
ഉക്രെയ‍്നില്‍ സംഘര്‍ഷം ആരംഭിച്ചതിനുള്ള പ്രധാന കാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ്. റഷ്യയും ഉക്രെയ‍്നും തമ്മിലുള്ള പ്രശ്നങ്ങളെ ആഗോള പ്രതിസന്ധിയാക്കിയത് അവരാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. നാറ്റോ തങ്ങളുടെ അതിർത്തി റഷ്യ വരെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരായ പ്രതിരോധമാണ് റഷ്യ നടത്തുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പുടിന്റെ പ്രസ്താവനകള്‍. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പുടിന്‍ ഉയര്‍ത്തിയത്.

ഉക്രെയ‍്നിലെ സെെനിക നടപടിയെ ന്യായീകരിക്കുന്ന പ്രസ്താവനകളാണ് പ്രസംഗത്തിലുടനീളം പുടിന്‍ നടത്തിയത്. ലക്ഷ്യം നേടുന്നതുവരെ സെെനിക നടപടി തുടരുമെന്നും റഷ്യയെ പരാജയപ്പെടുത്തുക അസാധ്യമാണെന്നും പുടിന്‍ പറഞ്ഞു. യുദ്ധം ഒഴിവാക്കാനാണ് റഷ്യ ശ്രമിച്ചത്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രിമിയ ആക്രമിക്കാനായിരുന്നു ഉക്രെയ‍്ന്റെ പദ്ധതിയെന്നു പുടിന്‍ ആരോപിച്ചു.
2010‑ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസി‍ഡന്റ് ദിമിത്രി മെദ്‌വദേവും ആണ് സ്റ്റാര്‍ട്ട് കരാറില്‍ ഒപ്പുവച്ചത്. അമേരിക്കയ്ക്കും റഷ്യയ്ക്കും വിന്യസിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം ഉടമ്പടി പ്രകാരം പരിമിതപ്പെടുത്തിയിരുന്നു. 2011‑ൽ പ്രാബല്യത്തിൽ വന്ന ഉടമ്പടി ജോ ബൈഡൻ അധികാരമേറ്റതിന് ശേഷം 2021‑ൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉക്രെയ‍്ന്‍ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ആണവ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തിയത്. അതിനിടെ, ഉക്രെയ‍്നില്‍ നിന്ന് സെെനികരെ പിന്‍വലിക്കണമെന്ന് യുഎസ് അംബാസഡർ ലിൻ ട്രേസിയെ വിളിച്ചുവരുത്തി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുഎസ്-നാറ്റോ സൈനികരെയും ഉപകരണങ്ങളെയും പിൻവലിക്കുന്നത് ഉറപ്പാക്കാൻ യുഎസ് നടപടികൾ കൈക്കൊള്ളണമെന്നും റഷ്യൻ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ട്രേസിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Putin issued nuclear warn­ing to countries

You may also like this video

Exit mobile version