റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആയുധ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കിം ജോങ് ഉൻ ഈ മാസം റഷ്യയിലേക്ക് പോകുമെന്നും പസിഫിക് തീരനഗരമായ വ്ലാഡിവോസ്റ്റോക്കിൽ വച്ച് ഇരുവരുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപൂര്‍വമായി മാത്രമേ കിം ജോങ് ഉന്‍ പ്യോങ്ങ്യാങ്ങിന് പുറത്ത് യാത്ര ചെയ്യാറുള്ളു. അതീവസുരക്ഷയുള്ള ട്രെയിനാണ് ഇത്തരം യാത്രകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഉക്രെയ്‍നില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ ആയുധങ്ങള്‍ നല്‍കുന്നതിനും പുതിയ സൈനിക കരാര്‍ രൂപീകരിക്കുന്നതിനുമാണ് ഉന്‍ റഷ്യയിലേക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉക്രെയ്ൻ യുദ്ധത്തിന് കൂടുതല്‍ ആയുധങ്ങൾ എത്തിക്കുന്നതിനായി റഷ്യയും ഉത്തരകൊറിയയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി യുഎസ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിനിടെയാണ്, ഇതേ കാര്യത്തിനായി ഇരു രാജ്യങ്ങളുടെയും തലവൻമാർ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തൽ. ഉക്രെയ്‍നിൽ റഷ്യക്കായി പോരാട്ടം നടത്തിയിരുന്ന വാഗ്‌നർ ഗ്രൂപ്പിന് ഉപയോഗിക്കാനായി 2022ൽ ഉത്തര കൊറിയ റോക്കറ്റുകളും മിസൈലുകളും കൈമാറിയതായി യുഎസ് വക്താവ് ജോൺ കിർബിയും മുമ്പ് ആരോപിച്ചിരുന്നു.
ആയുധ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു കഴിഞ്ഞ മാസം ഉത്തരകൊറിയ സന്ദർശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
English Summary:Putin-Kim Jong Un meeting: US to transfer arms to Russia
You may also like this video