ചൈനീസ് സന്ദര്‍ശനം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്റെ അജണ്ടയിലുണ്ടെന്ന് ക്രംലിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാനുള്ള മികച്ച സമയമാണിതെന്നും ക്രംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ദിമിത്രി പെസ്കോവ് പുടിന്റെ ചൈനീസ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും വിവിധതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ സാമ്പത്തികം, വ്യാപാരം, രാഷ്ട്രീയം, സൈനീകം തുടങ്ങിയ വിവിധ മേഖലകളില്‍ ചൈനയുമായുള്ള ബന്ധം റഷ്യ ദൃഢമാക്കിയിരുന്നു. പരിധിയില്ലാത്ത സഹകരണം ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളും അടുത്തിടെ ധാരണയിലെത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ ഷി ജിന്‍പിങ് മോസ്കോ സന്ദര്‍ശിക്കുകയും നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
റഷ്യന്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഉപഭോക്താവാണ് ചൈന. ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഉപരോധത്തിലും ചൈന റഷ്യയ്ക്കൊപ്പം നിന്നു.
ആഗോളവിഷയങ്ങളിലുള്ള സഹകരണം, സാമ്പത്തിക സഹകരണം, വ്യാപാരം എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയെന്ന് പെസ്കോവ് പറഞ്ഞു.
english summary;Putin will visit China
you may also like this video;