റഷ്യൻ ആയുധ വിദഗ്ധൻ മോസ്കോയിലെ വനമേഖലയിൽ വെടിയേറ്റ് മരിച്ചു . റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ക്രെംലിനിൽ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തിൽവെച്ച് കൊല്ലപ്പെട്ട നിലയിലാണ് മിഖായേൽ ഷാറ്റ്‌സ്‌കിയെ കണ്ടെത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്‌സ്‌കി. അതേസമയം, ഷിറ്റ്സ്കിയെ കൊലപ്പെടുത്തിയതിന് പിന്നിൽ യുക്രെയ്ൻ ഡിഫൻസ് ഇന്റലിജൻസാണെന്ന് ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ൻ ഡിഫൻസ് ഇന്റലിജൻസ്. ഇവർ ഷാറ്റ്സ്കിയെ ലക്ഷ്യം വച്ച് മോസ്കോയിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നതായാണ് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈയ്ൻ ഏറ്റെടുത്തിട്ടില്ല.