Site iconSite icon Janayugom Online

പി വി അൻവറിന്റെ യു ഡി എഫ് പ്രവേശനം ; കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഭിന്നത

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഭിന്നത. പി വി അൻവർ എംഎൽഎയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരി പ്രതികരിച്ചു. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിന്റെ മകൻ പി വി അൻവറിന്റെ യഥാർത്ഥ മുഖം മുഖ്യമന്ത്രി കാണേണ്ടതെന്നും ഇക്ബാൽ മുണ്ടേരി പറഞ്ഞു. ഈ ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്നും ഇക്ബാൽ മുണ്ടേരി കൂട്ടിച്ചേര്‍ത്തു.

എന്നാൽ പി വി അൻവറിനെ യുഡിഎഫിൽ ആവശ്യമില്ലെന്നാണ് കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ പ്രതികരിച്ചത്. അൻവർ ചെങ്കൊടി പിടിച്ചുതന്നെ മുന്നോട്ടു പോകട്ടെയെന്നും ഞങ്ങൾ എന്തിന് ഏറ്റെടുക്കണമെന്നും അദ്ദേഹം ചോദിച്ചു .
അൻവറിനെ യുഡിഎഫിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം . അൻവർ ഉറക്കെ പറയുന്നത് കോൺഗ്രസും മുസ്ലിംലീഗും പറയുന്ന കാര്യങ്ങൾ ആണെന്നും അൻവർ ഉന്നയിച്ച കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും പ്രതികരിച്ചു . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട അൻവറിന്റെ പരാമർശം വിവാദമായിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു . കോൺഗ്രസ് നേതൃത്വത്തിന് അൻവറിനെ എടുക്കുന്നതിൽ താൽപര്യം ഇല്ലെങ്കിലും മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തുമെന്നാണ് സൂചന . അൻവറിനെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയതോടെയാണ് ലീഗ് പുതിയ നീക്കം ശക്തമാക്കിയത് . പി വി അൻവർ എംഎൽഎയെ സ്വാഗതം ചെയ്ത മുസ്ലീം ലീഗ് നിലമ്പൂർ നേതൃത്വത്തിന്റെ നിലപാടിനോട് പ്രതികരിക്കാതെ ദേശിയ ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു . 

Exit mobile version