Site icon Janayugom Online

ഖത്തര്‍ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

താമസക്കാരും സന്ദര്‍ശകരും ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരട് നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദീവാനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പര്‍ നിയമം നടപ്പാക്കുന്നതിനുള്ള കരട് നിര്‍ദേശം അംഗീകരിച്ചത്.

ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. പുതിയ കരട് പ്രമേയം അനുസരിച്ച് രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. അതോടൊപ്പം അടിസ്ഥാന ചികിത്സ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി. മാനുവല്‍ വര്‍ക്കേഴ്‌സ്, ക്രാഫ്റ്റ്‌സ്മാന്‍, ഗാര്‍ഹിക തൊഴിലാളികള്‍, സന്ദര്‍ശകര്‍ ഉള്‍പ്പെടെ പൊതു, സ്വകാര്യ മേഖലയിലെ ഖത്തരികളല്ലാത്ത തൊഴിലാളികളെല്ലാം നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് കീഴില്‍ വരും. രോഗ പ്രതിരോധ, നിയന്ത്രണ, റിഹാബിലിറ്റേറ്റിവ് സേവനങ്ങളെല്ലാം അടിസ്ഥാന ആരോഗ്യ ചികിത്സ സേവനങ്ങളില്‍ ഉള്‍പ്പെടും. ഇതിനുപുറമെ അധികൃതര്‍ നിര്‍ദേശിക്കുന്ന മറ്റു സേവനങ്ങളും ഉള്‍പ്പെടും.

തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങള്‍ കവര്‍ ചെയ്യുന്ന പ്രീമിയം ഇന്‍ഷുറന്‍സ് പോളിസി ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെയും റിക്രൂട്ടര്‍മാരുടെയും നിര്‍ബന്ധ ബാധ്യതയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ തൊഴിലുടമകള്‍ക്കും റിക്രൂട്ടര്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡോ അതിന് തുല്യമായതോ നല്‍കിയിരിക്കണം. കൂടാതെ, ജീവനക്കാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളും ക്ലിനിക്കുകളും തൊഴിലുടമകളെ അറിയിച്ചിരിക്കണം.

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രഖ്യാപിച്ച നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ സന്ദര്‍ശകര്‍ക്കായിരിക്കും ഇന്‍ഷുറന്‍സ് ബാധകമാക്കുക. ഇതുസംബന്ധിച്ച വ്യവസ്ഥകളും നടപടികളും പിന്നീട് പ്രഖ്യാപിക്കും. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിയമം ഈമാസം തന്നെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വിശദീകരിച്ചു. നിയമത്തിന്റെ കരട് നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇവ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയത്.

Eng­lish sum­ma­ry; Qatar will make health insur­ance com­pul­so­ry for all

You may also like this video;

Exit mobile version