Site iconSite icon Janayugom Online

പൈലറ്റ് രഹിത എയർ ടാക്സികളുമായി ഖത്തര്‍; പരീക്ഷണപ്പറക്കൽ വിജയകരം

സ്മാർട്ട് ഗതാഗതത്തിൽ വൻ കുതിപ്പിനൊരുങ്ങി ഖത്തറിൽ ആദ്യമായി മനുഷ്യരില്ലാതെ പൂർണമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിയന്ത്രിച്ച എയർ ടാക്സി(eVTOL) വിജയകരമായി പറന്നു. ഓൾഡ് ദോഹ പോർട്ടിനും കതാറ കൾച്ചറൽ വില്ലേജിനും ഇടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എയർ ടാക്സി പറന്നത്. പൈലറ്റ് രഹിത എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായതോടെ രാജ്യത്ത് സ്മാർട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതിയിലെ ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയായി.

സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഭാവിയിൽ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും പരിശോധിക്കുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയം നടത്തിയ പരീക്ഷണ പരമ്പരയുടെ ഭാഗമാണ് ഈ എയർ ടാക്സി ഡെമോ ഫ്ലൈറ്റ്. പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി സാക്ഷിയായി. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ചരിത്ര നിമിഷമാണിതെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.

മനുഷ്യ നിയന്ത്രണമില്ലാതെ ഒരു എ.ഐ പവേർഡ് സെൽഫ് കൺട്രോൾ സംവിധാനവും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് എയർ ടാക്സി നിയന്ത്രിച്ചത്. ഈ സംവിധാനത്തിന് വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഭാവിയിലെ നഗര ട്രാഫിക് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും എയർ ടാക്സിയുടെ ഏറ്റവും വലിയ നേട്ടമാണ്.

Exit mobile version