Site iconSite icon Janayugom Online

മൂന്നാം മോഡി സർക്കാരിന്റെ 100-ാം ദിനത്തിൽ മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലിയിൽ മൂന്നാം മോഡി സർക്കാരിന്റെ 100 ദിവസത്തെക്കുറിച്ച് വിശദീകരിക്കാൻ അമിത് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ബീരെൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്നാരാഞ്ഞപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പൂരിൽ രണ്ടു വിഭാഗവുമായും ചർച്ചകൾ തുടരുകയാണെന്നും അമിത് ഷാ അറിയിച്ചു. 

മണിപ്പുരില്‍ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘര്‍ഷമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മണിപ്പുരിൽ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. വഖഫ് ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ വകയിരുത്തി. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വാധ്‌വാനില്‍ ഒരു മെഗാ തുറമുഖം നിര്‍മിക്കും. നുഴഞ്ഞുകയറ്റം തടയാന്‍, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, വേലികെട്ടാന്‍ തീരുമാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version