Site iconSite icon Janayugom Online

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം; യുപിയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ വീണ്ടും ക്രമക്കേട്

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ വീണ്ടും വിവാദത്തില്‍. ആറുമാസം മുമ്പ് വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ മാറ്റിവച്ച പരീക്ഷയിലാണ് വീണ്ടും ക്രമക്കേടും ആള്‍മാറാട്ടവും അരങ്ങേറിയത്.
ഈമാസം 23 മുതല്‍ 60,244 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയിലാണ് ക്രമക്കേട് നടന്നുവെന്ന ആരോപണം. 50 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന എഴുത്തു പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആള്‍മാറാട്ടവും നടന്നുവെന്നാണ് പരാതി. എന്നാല്‍ ഈ വാര്‍ത്തകള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയെങ്കിലും ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.
നിരവധി പേരില്‍ നിന്നും പണം വാങ്ങിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. പണം നല്‍കിയാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കമുള്ളവര്‍ സമീപിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
ബിജ്നോറിലെ പരീക്ഷാ കേന്ദ്രത്തില്‍ 20 ഓളം പേര്‍ വ്യാജ മാര്‍ഗത്തിലുടെ പരീക്ഷയെഴുതിയെന്ന പരാതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം അറസ്റ്റിലായത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ പരീക്ഷാകേന്ദ്രത്തില്‍ സീല്‍ പൊട്ടിച്ച ചോദ്യപ്പേപ്പറാണ് ലഭിച്ചതെന്നും­­ ആരോപണമുണ്ട്.
എന്നാല്‍ ആരോപണം യുപി പൊലീസ് റിക്രൂട്ട്മെന്റ് ആന്റ് പ്രമോഷന്‍ ബോര്‍ഡ് അധ്യക്ഷന്‍ രാജീവ് കൃഷ്ണ നിഷേധിച്ചു. സീല്‍ ഇല്ലാതിരുന്നത് ചോര്‍ന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നില്ലന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
നേരത്തെ ഫെബ്രുവരി അവസാനം നടത്താന്‍ നിശ്ചയിച്ചിരുന്നു കോണ്‍സ്റ്റബിള്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ മാറ്റിവയ്ക്കുകയായിരുന്നു. 

Exit mobile version