Site iconSite icon Janayugom Online

എൻ എം വിജയന്റെ മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്യൽ നാളെയും തുടരും ; അറസ്റ്റിന് സാധ്യത

കോൺഗ്രസ് നേതാവ് എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ നാളെയും തുടരും . പുത്തൂർവയൽ എആർ ക്യാമ്പിലാണു ചോദ്യംചെയ്യൽ നടക്കുന്നത്. ഇന്നു മുതൽ മൂന്ന്‌ ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി ഉത്തരവ്. ചോദ്യം ചെയ്യലിന് ശേഷം ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തേക്കും. ഇന്ന് 4 മണിക്കൂറാണ് ചോദ്യം ചെയ്‌തത്‌ .

 

എൻ എം വിജയൻ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശകത്തു സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണു സൂചന.വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ ലഭിച്ചുവെന്നാണ് സൂചന . ഡിജിറ്റൽ തെളിവുകളും വിജയന്റെ ഡയറിക്കുറിപ്പുകളും കെപിസിസി പ്രസിഡന്റിന്‌ നേരത്തെ അയച്ച പരാതിയും കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ.

 

ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. മരണത്തിന്‌ ഉത്തരവാദികളായ കോൺഗ്രസ്‌ നേതാക്കളുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിലുണ്ട്‌. കേസിൽ പ്രതികളായ ഇവർ വിജയനെയും മകനെയും മരണത്തിലേക്ക്‌ തള്ളിവിട്ടതാണെന്ന്‌ ചോദ്യം ചെയ്യലിൽ വ്യക്തത വന്നിട്ടുണ്ട്‌. ഇതോടെ അറസ്റ്റ് ഉറപ്പായെന്നാണ് സൂചനകൾ.

Exit mobile version