Site iconSite icon Janayugom Online

ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാണ് അശ്വിന്‍. ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്‌ബെയ്‌നില്‍ നടന്ന ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ്. അനില്‍ കുംബ്ലെയാണ് ഒന്നാമത്.

13 വര്‍ഷത്തെ കരിയറില്‍ 106 ടെസ്റ്റുകളാണ് അശ്വിന്‍ കളിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനം കളിച്ചത്. 537 വിക്കറ്റുകളാണ് നേടിയത്. ടെസ്റ്റില്‍ 37 തവണ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വേണിനൊപ്പമെത്തി. 67 തവണ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇടംകൈയന്മാരെ പുറത്താക്കിയ റെക്കോഡ് അശ്വിനാണ്-268.

ടെസ്റ്റില്‍ ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സാണ് സമ്പാദ്യം. 2011 നവംബര്‍ ആറിന് ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അശ്വിന്റെ ടെസ്റ്റ് അരങ്ങേറ്റം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 41 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 195 വിക്കറ്റുകളും നേടി. 116 ഏകദിനങ്ങളും 65 ടി20-കളും കളിച്ചു. ഏകദിനത്തില്‍ 156 പേരെയും ടി20യില്‍ 72 പേരെയും പുറത്താക്കിയിരുന്നു.

Exit mobile version